അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രഖ്യാപിച്ചു

അതിഥി തൊഴിലാളികള്‍ നിലവില്‍ ഏത് തൊഴിലുടമയുടെ കീഴിലാണോ ജോലിചെയ്യുന്നത് അവിടെ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം. തൊഴിലാളികള്‍ക്കുള്ള ഭക്ഷണം തൊഴിലുടമ തന്നെ എത്തിച്ചുനല്‍കാന്‍ ശ്രമിക്കണം. തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാതെ വന്നാല്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തേണ്ടത് ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയാണ്.

Update: 2020-03-30 12:29 GMT

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ ദുരിതാശ്വസ ക്യാമ്പുകളായി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ക്യംപുകളുടെ സുഗമമായ നടത്തിപ്പിന് വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥന്‍ കണ്‍വീനറും വില്ലേജ് ഓഫീസര്‍ /സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ അംഗവുമായി ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റിയെയും നിയമിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറി നോഡല്‍ ഓഫീസറായിരിക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും സുരക്ഷതത്വവും ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമകള്‍ വീഴ്ചവരുത്തുന്നതായി ശ്രദ്ധയില്‍പെട്ട പശ്ചാത്തലത്തിലാണ് നടപടി.

അതിഥി തൊഴിലാളികള്‍ നിലവില്‍ ഏത് തൊഴിലുടമയുടെ കീഴിലാണോ ജോലിചെയ്യുന്നത് അവിടെ തന്നെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം. തൊഴിലാളികള്‍ക്കുള്ള ഭക്ഷണം തൊഴിലുടമ തന്നെ എത്തിച്ചുനല്‍കാന്‍ ശ്രമിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാതെ വന്നാല്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തേണ്ടത് ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയാണ്. ഇത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ മേധാവിയും സെക്രട്ടറിയും ഉറപ്പുവരുത്തണം.

ഇതിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ സിവില്‍സപ്ലെസ് ഔട്ട് ലറ്റുകളില്‍ നിന്നും മാവേലി സ്‌റ്റേറുകളില്‍നിന്നും തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ ഇന്‍ഡന്റ് മുഖേന വാങ്ങണം. ഇവിടങ്ങളില്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പൊതുമാര്‍ക്കറ്റില്‍ നിന്നും വാങ്ങാം. സിവില്‍സപ്ലെസ് കോഴിക്കോട് റീജിണല്‍ മാനേജര്‍ ഭക്ഷ്യവസ്തുക്കള്‍/അവശ്യവസ്തുക്കള്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നല്‍കേണ്ടതും ബില്ലുകള്‍ ജില്ലാകളക്ടര്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കേണ്ടതുമാണ്. തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും ഇതേമാര്‍ഗ്ഗം സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

താമസിക്കുന്ന സ്ഥലങ്ങളില്‍ ഭൗതികസാഹചര്യങ്ങള്‍ പരിതാപകരമാണെന്ന് കമ്മിറ്റിക്ക് തോന്നുന്ന പക്ഷം സൗകര്യപ്രദമായ സ്‌ക്കൂളുകളിലേക്ക് മാറ്റാവുന്നതാണ്. അംഗങ്ങള്‍ കൂടുതലുള്ള ക്യാമ്പുകളിലേക്ക് ജില്ലാ പോലീസ് മേധാവികള്‍ ആവശ്യമായ പോലിസിനെ നിയോഗിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല ജില്ലാ ലേബര്‍ ഓഫീസര്‍ക്കായിരിക്കും. 

Tags:    

Similar News