കൊവിഡ് 19: വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കും; വിദേശത്തേക്ക് പോവുന്നവരെയും സ്‌ക്രീന്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി

ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പുറത്തുകടക്കാന്‍ ധൃതിയുണ്ടാവും. ഇത് കണക്കിലെടുത്ത് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.

Update: 2020-03-16 16:58 GMT

തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രിക്കുന്നതിന് വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ നാലുവിമാനത്താളങ്ങളിലെയും മേധവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളമേധാവികള്‍ പങ്കെടുത്തു. ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശത്തേക്ക് പോവുന്നവരെയും സ്‌ക്രീന്‍ ചെയ്യണം. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് പുറത്തുകടക്കാന്‍ ധൃതിയുണ്ടാവും. ഇത് കണക്കിലെടുത്ത് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം.

പരിശോധനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. കൂടുതല്‍ പരിശോധനാ സംഘത്തെയും വേണ്ടിവരും. ഇതിനാവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണം. കസ്റ്റംസ് പരിശോധനയ്ക്കും കൂടുതല്‍ സൗകര്യങ്ങളുണ്ടാവണം. വിമാനത്താവളത്തില്‍ ഒരുതരത്തിലുള്ള തിക്കും തിരക്കും ഉണ്ടാവരുത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആംബുലന്‍സില്‍ അപ്പോള്‍തന്നെ ആശുപത്രിയിലേക്ക് മാറ്റണം. രോഗലക്ഷണങ്ങളില്ലാത്ത വിദേശയാത്രക്കാരെ, വീടുകളില്‍ ഐസോലേഷനില്‍ ആക്കണം. പോലിസിന്റെ മേല്‍നോട്ടത്തില്‍ അവരെ വീടുകളിലെത്തിക്കണം.

വീടുകളില്‍ ഐസോലേഷനില്‍ പോവാന്‍ നിര്‍ദേശിക്കപ്പെട്ടവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യവകുപ്പിന്റെ സെല്ലില്‍ അറിയിക്കണം. വിമാനത്താവളങ്ങളില്‍ തിരക്കൊഴിവാക്കുന്നതിന് കര്‍ശനമായ നടപടികള്‍ വേണം. യാത്രയയ്ക്കാനും സ്വീകരിക്കാനും ഒരുപാട് പേരെത്തുന്നത് തടയണം. വിദേശത്തുനിന്ന് വന്ന് ഹോം ക്വാറന്റൈനില്‍ പോവുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ നല്‍കണം. വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആംബുലന്‍ ലഭ്യമാക്കും. ഐഎംഎ ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags: