കൊവിഡ് : കേരളത്തില്‍ കുടുങ്ങിയ 164 വിദേശസഞ്ചാരികളെ സ്വിറ്റ്‌സര്‍ലന്‍ഡ് മടക്കിക്കൊണ്ടു പോയി

കൊവിഡ്19 രോഗ നിയന്ത്രണത്തിന് മാര്‍ച്ച് 23ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ അടച്ചശേഷം സഞ്ചാരികളുമായി യൂറോപ്പിലേക്കു പോകുന്ന നാലാമത്തെ വിമാനമാണിത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച രാത്രിവൈകി പുറപ്പെട്ട സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഞായറാഴ്ച രാവിലെ ഇന്‍ഡ്യന്‍ സമയം 10 മണിയോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെത്തി. കേരളത്തില്‍ നിന്നുള്ള 164 സഞ്ചാരികള്‍ക്കു പുറമെ കല്‍ക്കത്തയില്‍ നിന്നു അവിടെ കുടുങ്ങിയ 49 സഞ്ചാരികളെയും കൂട്ടിയായിരുന്നു യാത്ര

Update: 2020-04-27 05:03 GMT

കൊച്ചി: ദേശീയ ലോക്ക് ഡൗണിനെത്തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ 164 വിദേശ വിനോദസഞ്ചാരികള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് മടക്കിക്കൊണ്ടുപോയി. കൊവിഡ്19 രോഗ നിയന്ത്രണത്തിന് മാര്‍ച്ച് 23ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ അടച്ചശേഷം സഞ്ചാരികളുമായി യൂറോപ്പിലേക്കു പോകുന്ന നാലാമത്തെ വിമാനമാണിത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച രാത്രിവൈകി പുറപ്പെട്ട സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഞായറാഴ്ച രാവിലെ ഇന്‍ഡ്യന്‍ സമയം 10 മണിയോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെത്തി. കേരളത്തില്‍ നിന്നുള്ള 164 സഞ്ചാരികള്‍ക്കു പുറമെ കല്‍ക്കത്തയില്‍ നിന്നു അവിടെ കുടുങ്ങിയ 49 സഞ്ചാരികളെയും കൂട്ടിയായിരുന്നു യാത്ര.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബാംഗ്ലൂരിലുള്ള ഇന്‍ഡ്യയിലെ സ്വിസ് കോണ്‍സല്‍ ജനറല്‍ സെബാസ്റ്റ്യന്‍ ഹഗ്, തിരുവനന്തപുരത്തെ ജര്‍മന്‍ ഓണററി കോണ്‍സുലേറ്റിലെ ഓണററി കോണ്‍സല്‍ ഡോ സെയ്ദ് ഇബ്രഹിം എന്നിവര്‍ സംഘത്തിന്റെ യാത്രക്കു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി. സഞ്ചാരികളില്‍ 115 പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്കു പുറമെ ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും കേരളത്തില്‍ സഞ്ചാരികളായെത്തിയവരായിരുന്നു. ചിലര്‍ അയല്‍ സംസ്ഥാനങ്ങളിലെത്തിയവരും.ഏപ്രില്‍ 15ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍ 268 സഞ്ചാരികളെ ലണ്ടനിലേക്കും മാര്‍ച്ച് 31ന് എയര്‍ ഇന്ത്യ വിമാനത്തില്‍ 232 പേരെ ജര്‍മനിയിലേക്കും അടുത്ത ദിവസങ്ങളില്‍ 112 പേരെ ഫ്രാന്‍സിലേക്കും യാത്രയാക്കിയിരുന്നു

.ഇതോടെ കേരളത്തില്‍ അകപ്പെട്ട ബഹുഭൂരിപക്ഷം സഞ്ചാരികളെയും അവരവരുടെ രാജ്യങ്ങളിലെത്തിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ലോക്ഡൗണിനുശേഷം ഇവരുടെ താമസത്തിനും തുടര്‍ന്നുള്ള യാത്രക്കും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഒരുക്കങ്ങളെ അഭിനന്ദിച്ച് മടങ്ങിപ്പോയ സഞ്ചാരികളില്‍ പലരും സന്ദേശങ്ങളയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.കേരളാ ടൂറിസത്തിന്റെ ഹെല്‍പ് ഡസ്‌കിന്റെ സഹായത്തോടെയും സ്വിസ് കോണ്‍സുലേറ്റിലെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്തുമാണ് മടക്കയാത്രക്ക് സഞ്ചാരികള്‍ സഹായം തേടിയതെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. സഞ്ചാരികളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് വിമാനത്താവളത്തിലെത്തിച്ചത് ടൂറിസം വകുപ്പാണ്.

ടൂറിസം വകുപ്പിന്റെ മുന്‍ഗണന എപ്പോഴും സഞ്ചാരികളോടുള്ള കരുതലാണെന്ന് റാണി ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇനിയും അവശേഷിക്കുന്ന സഞ്ചാരികളുടെ സഹായത്തിന് ടൂറിസം വകുപ്പിന്റെ ഹെല്‍പ് ഡെസ്‌ക്കുകള്‍ സേവനം തുടരുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണിനി വകുപ്പ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ടൂറിസം വകുപ്പ് ജോയിന്റ്് ഡയറക്ടര്‍ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ കുടുങ്ങിയ അതിഥികളെ മടക്കി അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

Tags: