കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം;ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണമെന്റുമായി ചെസ് കേരള

ലോകത്തെ ഏറ്റവും വലിയ ചെസ്സ് ന്യൂസ് വെബ് സൈറ്റായ 'ചെസ്സ് ബേസ് ന്റെ 'പ്ലേ ചെസ്സ് ' പോര്‍ട്ടലില്‍ രാത്രി ഇന്ത്യന്‍ സമയം 8 മണി മുതലാണ് മല്‍സരം നടക്കുക.'ഓറിയന്റ് ചെസ്സ് മൂവ്‌സ് ' വക മൊത്തം 52,000 രൂപ സമ്മാനത്തുക നല്‍കുന്ന മല്‍സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. പ്രവേശന ഫീസില്ല. പകരം പങ്കെടുക്കുന്നവര്‍ 250 രൂപയില്‍ അതല്ലെങ്കില്‍ 5 യൂറോയില്‍ കുറയാത്ത സംഖ്യ സംഭാവനയായി നല്‍കണം

Update: 2020-04-25 10:58 GMT

കൊച്ചി: 'ചെസ്സ് കേരള' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി മെയ് 2ന് 'ചെക്ക്‌മേറ്റ് കോവിഡ്- 19 അന്തര്‍ദേശീയ ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണമെന്റ് നടത്തുന്നു.ലോകത്തെ ഏറ്റവും വലിയ ചെസ്സ് ന്യൂസ് വെബ് സൈറ്റായ 'ചെസ്സ് ബേസ് ന്റെ 'പ്ലേ ചെസ്സ് ' പോര്‍ട്ടലില്‍ രാത്രി ഇന്ത്യന്‍ സമയം 8 മണി മുതലാണ് മല്‍സരം നടക്കുക.'ഓറിയന്റ് ചെസ്സ് മൂവ്‌സ് ' വക മൊത്തം 52,000 രൂപ സമ്മാനത്തുക നല്‍കുന്ന മല്‍സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. പ്രവേശന ഫീസില്ല. പകരം പങ്കെടുക്കുന്നവര്‍ 250 രൂപയില്‍ അതല്ലെങ്കില്‍ 5 യൂറോയില്‍ കുറയാത്ത സംഖ്യ സംഭാവനയായി നല്‍കണം. ഇതില്‍ കൂടുതല്‍ തുകകളും സംഭാവനയായി നല്‍കാവുന്നതാണ്.

മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ചെസ്സ് കേരളക്ക് നേരിട്ട് സംഭാവനയും നല്‍കാവുന്നതാണ്.ഇങ്ങനെ സമാഹരിക്കുന്ന സംഭാവനകള്‍ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.കേരളത്തിന്റെ കൊവിഡ് പ്രതിരോധങ്ങളെ പ്രശംസിച്ചുകൊണ്ട് വിശ്വനാഥന്‍ ആനന്ദിന്റെ വീഡിയോ സന്ദേശം 'ചെസ്സ് കേരള'ക്ക് ലഭിച്ചിട്ടുണ്ട്. 'ചെക്ക്‌മേറ്റ് കൊവിഡ് 19 അന്തര്‍ദേശീയ ചെസ്സ് മല്‍സരത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മല്‍സരത്തെ ചെസ്സ് സമൂഹം മുഴുവന്‍ പിന്തുണക്കണമെന്നും വിശ്വനാഥന്‍ ആനന്ദ് വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാരായ നിഹാല്‍ സരീനും എസ് എല്‍ നാരായണനും ലോക ചെസ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഗ്രാന്‍ഡ് മാസ്റ്റര്‍ നൈജല്‍ ഷോര്‍ട്ട് അടക്കം ഇന്ത്യയിലേയും വിദേശത്തേയും നിരവധി ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും ഈ മല്‍സരത്തില്‍ പങ്കെടുക്കും. ഇതോടൊപ്പം മറ്റു മേഖലകളിലെ പ്രശസ്ത വ്യക്തികളടക്കം പൊതു സമൂഹത്തിന്റെ വലിയ പങ്കാളിത്തം ഈ മല്‍സരത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.കഴിഞ്ഞ പ്രളയകാലത്തും 'ചെസ്സ് കേരള' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. 

Tags:    

Similar News