കൊവിഡ്-19 : തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

മറ്റ് അനവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ ഉള്ള നടപടികള്‍ എടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രവാസികളുടെ അവകാശ ലംഘനമാണ്. വിസ കാലാവധി തീര്‍ന്ന വരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി ആളുകള്‍ ആശങ്കയിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കി അവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ വേഗത്തിലാക്കണം

Update: 2020-04-16 15:03 GMT

കൊച്ചി: കൊവിഡ്- 19 മൂലം വിദേശത്തെ കുടുങ്ങി പോയിരിക്കുന്ന പ്രവാസികള്‍ക്ക് തിരികെ വരാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) സംസ്ഥാന സമിതി മുഖ്യമന്ത്രിയോട് ഇ-മെയിലിലൂടെ ആവശ്യപ്പെട്ടു. മറ്റ് അനവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ ഉള്ള നടപടികള്‍ എടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രവാസികളുടെ അവകാശ ലംഘനമാണ്. വിസ കാലാവധി തീര്‍ന്ന വരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി ആളുകള്‍ ആശങ്കയിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കി അവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ വേഗത്തിലാക്കണം. തിരികെ എത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തില്‍ താമസിപ്പിക്കുകയും വേണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വിഭാഗവും പോലീസും ചെയ്യുന്ന സേവനങ്ങള്‍ അഭിനന്ദനീയമാണ്. അതേസമയം നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുമ്പോള്‍ കേസുകള്‍ എടുക്കുന്നത് ചില വിഭാഗങ്ങള്‍ക്കെതിരെ മാത്രമാകുന്നു എന്ന പരാതി ഉണ്ടാകാന്‍ ഇടയാകരുത്. അഞ്ചിലധികം ആളുകള്‍ കൂടിയ ചടങ്ങുകളുടെ പത്ര ഫോട്ടോകള്‍ പോലും പ്രസിദ്ധീകരിക്കുകയും കഴിഞ്ഞ ദിവസം കൊച്ചിയില്‍ 5 പേര്‍ പങ്കെടുത്ത ദിവ്യബലി ചൊല്ലിയ വൈദികനെയും പങ്കെടുത്തവരെയും പുറമേ നിന്ന് അപ്രതീക്ഷിതമായി ഒരാള്‍കൂടി പള്ളിയില്‍ വന്നുചേര്‍ന്നതിനെതുടര്‍ന്ന് എല്ലാവരെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയയ്ക്കുകയും പിന്നീട് വാര്‍ത്ത ഉണ്ടാക്കുന്നതിനു വേണ്ടി കടലാസുകള്‍ ഒപ്പിടാന്‍ വിട്ടുപോയി എന്ന് പറഞ്ഞ് വൈദികനെ ഉള്‍പ്പെടെ തിരികെ വിളിപ്പിച്ച പോലീസ് നടപടിയും ഇത്തരത്തിലുള്ള സംശയങ്ങള്‍ ദൃഢീകരിക്കുന്നു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. എല്ലാ ആളുകളോടും ഒരേ സമീപനം പുലര്‍ത്തണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ദിവ്യബലിയില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിന് ശേഷം വീണ്ടും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തയ്യാറാകണമെന്നും എന്നും കെഎല്‍സിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

Tags: