കൊവിഡ് 19: കോട്ടയത്ത് പരിശോധനയ്ക്ക് തയ്യാറാവാതെ ബസ്സില്‍ സഞ്ചരിച്ച വിദേശികളെ പോലിസ് തടഞ്ഞു
പരിശോധനയ്ക്ക് തയ്യാറാവാതെ മൂന്നാറിലേക്ക് പോവുമ്പോഴാണ് പോലിസെത്തി ഇവരെ ബസ്സില്‍നിന്ന് ഇറക്കിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോട്ടയം: കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് തയ്യാറാവാതെ ബസ്സില്‍ സഞ്ചരിച്ച വിദേശികളെ പോലിസ് തടഞ്ഞു. കോട്ടയം കുറവിലങ്ങാട് വച്ചാണ് പോലിസ് സ്‌പെയിന്‍ പൗരന്‍മാരെ തടഞ്ഞത്. ഇവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കി.
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറില്‍നിന്ന് അധികൃതരുടെ കണ്ണുവട്ടിച്ച് കടന്നുകളഞ്ഞതിനെത്തുടര്‍ന്ന് പോലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടയിലാണ് കോട്ടയത്ത് സ്‌പെയിന്‍ സ്വദേശികള്‍ കെഎസ്ആര്‍ടിസിയില്‍ സഞ്ചരിച്ചത്. ജനുവരി 15ഓടെ കേരളത്തിലെത്തിയെന്നാണ് ഇവര്‍ പറയുന്നത്.
പരിശോധനയ്ക്ക് തയ്യാറാവാതെ മൂന്നാറിലേക്ക് പോവുമ്പോഴാണ് പോലിസെത്തി ഇവരെ ബസ്സില്‍നിന്ന് ഇറക്കിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമികപരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നാണ് റിപോര്‍ട്ട്.