കൊവിഡ്-19 : സ്പ്രിങ്ഗ്ലറിന്റെ സേവനം ഉപയോഗപ്പെടുത്തിയത് സര്‍ക്കാര്‍ സംവിധാനത്തിന്റെ അപര്യാപ്തതമൂലമെന്ന് സംസ്ഥാന സര്‍ക്കാര്‍

15,000 രൂപയില്‍ താഴെ ഉള്ള സേവനങ്ങള്‍ക്ക് ധനകാര്യ-നിയമ വകുപ്പുകളുടെ അനുമതി ഇല്ലാതെ കൈകാര്യം ചെയ്യുന്നതിന് വകുപ്പ് മേധാവിക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമവകുപ്പിനെ മറികടന്നല്ല ഉദ്യോഗസ്ഥതലത്തിലുള്ള പര്‍ച്ചേസ് ഓര്‍ഡറുകള്‍ ചെയ്യുന്നത്. ആദ്യവിവരങ്ങള്‍ സ്പ്രിങ്ഗ്ലര്‍ ഡൊമൈനില്‍ നല്‍കിയത് പ്രാഥമിക പരിക്ഷണാര്‍ഥമാണെന്നും പിന്നീട് എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ഡൊമൈനിലേക്ക് മാറ്റിയെന്നും സത്യവാങ്്മൂലത്തില്‍ പറയുന്നു

Update: 2020-04-23 15:11 GMT

കൊച്ചി: കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള വിവരശേഖരണത്തിന് സര്‍ക്കാര്‍ സംവിധാനമില്ലാത്തതുകൊണ്ടാണ് സ്്പ്രിങ്ഗ്ലറിന്റെ സേവനം ഉപയോഗപ്പെടുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.15,000 രൂപയില്‍ താഴെ ഉള്ള സേവനങ്ങള്‍ക്ക് ധനകാര്യ-നിയമ വകുപ്പുകളുടെ അനുമതി ഇല്ലാതെ കൈകാര്യം ചെയ്യുന്നതിന് വകുപ്പ് മേധാവിക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമവകുപ്പിനെ മറികടന്നല്ല ഉദ്യോഗസ്ഥതലത്തിലുള്ള പര്‍ച്ചേസ് ഓര്‍ഡറുകള്‍ ചെയ്യുന്നത്.

ആദ്യവിവരങ്ങള്‍ സ്പ്രിങ്ഗ്ലര്‍ ഡൊമൈനില്‍ നല്‍കിയത് പ്രാഥമിക പരിക്ഷണാര്‍ഥമാണെന്നും പിന്നീട് എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ഡൊമൈനിലേക്ക് മാറ്റിയെന്നും സത്യവാങ്്മൂലത്തില്‍ പറയുന്നു.ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാവുമ്പോള്‍ ഒരു വ്യക്തിയുടെ സുരക്ഷയ്ക്കല്ല മുന്‍ഗണന നല്‍കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുടെ പഠനറിപോര്‍ട്ടിനുസൃതമായി രോഗവ്യാപനമുണ്ടായാല്‍ ഓരോരുത്തരുടെയും അടുത്തെത്തി വിവരശേഖരണം നടത്തുന്നത് അസാധ്യമാണ്. ഓണ്‍ലൈന്‍ വിവരശേഖരണത്തിലൂടെ ഡേറ്റ അനലിറ്റിക്‌സ് വഴി പ്രാദേശികമായിത്തന്നെ വ്യാപനം നേരിടാന്‍ നടപടി സ്വീകരിക്കാനാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ആരോഗ്യ അടിയന്തരാവസ്ഥ സമയത്ത് സ്വകാര്യതയെന്ന അവകാശം നിലനില്‍ക്കുന്നതല്ല. എന്‍ക്രിപ്റ്റഡ് ആയി വിവരങ്ങള്‍ സൂക്ഷിക്കുന്നത് വിദേശത്തല്ല, മുംബൈയിലെ ആമസോണ്‍ ക്ലൗഡ് സെര്‍വറിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്്പ്രിങ്ഗ്ലറുമായുള്ള കരാര്‍ വിദഗ്ധ സംഘം കൂട്ടായെടുത്ത തീരുമാനമനുസരിച്ചാണ്. സി ഡിറ്റിന് ആമസോണ്‍ അക്കൗണ്ടുണ്ടെന്നും വിവരങ്ങള്‍ സൂക്ഷിക്കാന്‍ മതിയായ സ്ഥലമുണ്ടായിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡേറ്റ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ചുരുങ്ങിയ സമയത്ത് സൗകര്യമൊരുക്കുക എന്നത് പ്രാവര്‍ത്തികമല്ല. ഇതിന് തക്ക സാങ്കേതിക വൈഗ്ധ്യമുള്ളവര്‍ സര്‍ക്കാര്‍ ഏജന്‍സികളിലില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.ബിഗ് ഡേറ്റ അനാലിസിസിന് സര്‍ക്കാര്‍ മേഖലയില്‍ സൗകര്യം അപര്യാപ്തമാണ്. അതുകൊണ്ട് സ്്പ്രിങ്ഗ്ലറിന്റെ സേവനം അനിവാര്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണെന്നും ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഉയരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.കേരളത്തിലെ നാലില്‍ ഒരു ഭാഗം ആളുകള്‍ കൊവിഡ് പിടിയില്‍ ആകുമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവചനം. ആ ഘട്ടത്തില്‍ അടിയന്തരമായി സജ്ജമാക്കുന്നതിനാണ് വിവരശേഖരണത്തിനു സ്്പ്രിങ്ഗ്ലറെ ചുമതലപ്പെടുത്തിയത്.ഐടി വകുപ്പ് ഈ സോഫ്ട് വെയര്‍ പര്‍ച്ചേസ് ചെയ്യുകയായിരുന്നു.

15000 രൂപയില്‍ താഴെ ഉള്ള സേവനങ്ങള്‍ വാങ്ങാന്‍ ഐടി വകുപ്പ് മേധാവിക്ക് അധികാരം ഉണ്ട്. അതിനാല്‍ ചര്‍ച്ച പോലും വേണ്ടതില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വകാര്യത നിയമത്തിന്റെ ലംഘനമോ വിവര ചോര്‍ച്ചയോ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയാണ് കരാര്‍ ഉണ്ടാക്കിയത്. ന്യൂയോര്‍ക്ക് അധികാര പരിധി വെച്ചത് കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മാത്രമാണ്. സ്്പ്രിങ്ഗ്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ സര്‍വെറില്‍ സുരക്ഷിതമാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ കോടതി പരിഗണിക്കും. 

Tags:    

Similar News