കൊവിഡ്: കോഴിക്കോട് മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു

മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ ഫ്‌ലാഗ് ഓഫ് സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു.

Update: 2020-05-01 05:37 GMT

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ ടീം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലയില്‍ അഗതികള്‍ക്കായി ഒരുക്കിയിട്ടുള്ള ക്യാംപുകളില്‍ എത്തി ആവശ്യമായ വൈദ്യ സഹായവും മരുന്നും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ജെഎച്‌ഐ, ഫര്‍മസിസ്റ്റ് എന്നിവരുടെ സേവനം ടീമില്‍ ലഭ്യമാണ്. ക്യാംപുകളില്‍ മെഡിക്കല്‍ പരിശോധന നടത്തുകയും കൊറോണക്കെതിരായ വീഡിയോ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മെഡിക്കല്‍ പരിശോധനയ്ക്ക് പുറമേ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ക്ലാസുകള്‍ക്കു ഡോ. അരുണ്‍ നേതൃത്വം നല്‍കി.

മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ ഫ്‌ലാഗ് ഓഫ് സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, നാഷ ണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News