ദിനംപ്രതി 2000 ഭക്ഷണ പൊതികള്‍; നാടിനു കൈതാങ്ങായി യൂത്ത് കോണ്‍ഗ്രസും എഐവൈഎഫും

പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ മുടക്കം വരുത്താതെ കൃത്യമായി അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കും.

Update: 2020-04-20 07:01 GMT

കായംകുളം: കൊവിഡ് കാലം വിശപ്പ് മുക്തമാക്കാന്‍ നാടിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് യുവജന പ്രസ്ഥാനങ്ങളായ യൂത്ത് കോണ്‍ഗ്രസും എഐവൈഎഫും. ലോക്ക് ഡൗണ്‍ തുടങ്ങിയ നാള്‍ മുതല്‍ മൂന്നു നേരവും സൗജന്യമായി ഭക്ഷണം എത്തിച്ചു നല്‍ക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍.



ദിവസേന നഗരത്തില്‍ മാത്രം രണ്ടായിരത്തോളം ഭക്ഷണ പൊതികള്‍ ഇരു പ്രസ്ഥാനങ്ങളും വിതരണം ചെയ്യുന്നുണ്ട്. പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ മുടക്കം വരുത്താതെ കൃത്യമായി അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കും.


ജീവിതം ദുരിതപൂര്‍ണമായവര്‍, അതിഥി തൊഴിലാളികള്‍, അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, ഗവണ്‍മെന്റ് ആശുപത്രി ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, പോലിസുകാര്‍, കെഎസ്ഇബി ജീവനക്കാര്‍, തദ്ദേശ സ്വയം ഭരണസ്ഥാപനം പാര്‍പ്പിച്ചിരിക്കുന്ന അന്തേവാസികള്‍, ഹോട്ടല്‍ മുറികളില്‍ കഴിയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഹോം കോറന്റൈനില്‍ കഴിയുന്നവര്‍, ദേശീയ പാതയിലൂടെ ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ലോറി ഡ്രൈവര്‍മാര്‍ ഇവര്‍ക്കെല്ലാം എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുന്ന ഭക്ഷണ പാനീയങ്ങള്‍ ആശ്വാസം പകരുന്നതാണ്. ചപ്പാത്തി, പൊറോട്ട, അപ്പം, മുട്ട, കടല, ഊണ്, കപ്പ, കാപ്പി, കഞ്ഞി, കുട്ടികള്‍ക്ക് പോഷക ആഹാരം തുടങ്ങിയ വിഭവസമൃദമായ ഭക്ഷണമാണ് വിവിധ കേന്ദ്രങ്ങളിലായി വിതരണം ചെയ്യുന്നത്.

സര്‍ക്കാരിന്റെ സാമൂഹ്യ അടുക്കളക്ക് പുറമേയാണ് സംഘടനകളുടെ ഭക്ഷണ വിതരണം. യൂത്ത് കോണ്‍ഗ്രസ് ഏഴ് നിയോജക മണ്ഡലങ്ങളിലായി ആറായിരത്തോളം ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സംസ്ഥാന സെക്രട്ടറി എം നൗഫല്‍ , ജില്ലാ സെക്രട്ടറി അസീംനാസര്‍ , സല്‍മാന്‍ പൊന്നേറ്റില്‍ , ഷമീം , നിധിന്‍ ,ശംഭു പ്രസാദ് തുടങ്ങിയവരാണ് .

എഐവൈഎഫ് ജില്ലയില്‍ 18 കേന്ദ്രങ്ങളിലായി ദിവസേന പതിനായിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നതോടൊപ്പം 21 കേന്ദ്രങ്ങളില്‍ തണ്ണീര്‍ പന്തലുകളും ഒരുക്കിയിട്ടുണ്ട്. എഐവൈഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സംസ്ഥാന ജോയിന്റെ സെക്രട്ടറി പി എസ് എം ഹുസൈന്‍ , ജില്ലാ സെക്രട്ടറി ടി ടി ജിസ് മോന്‍, പ്രസിഡന്റ് അഡ്വ.സി എ അരുണ്‍കുമാര്‍, ഉണ്ണി വാര്യത്ത്, റാഫി, സനൂജ് തുടങ്ങിയവരാണ്. 

Tags:    

Similar News