കൊവിഡ് 19 പ്രതിസന്ധി : സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളാ മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന്‍

ചെറുകിട വ്യവസായ മേഖലയിലുള്‍പ്പെടുന്ന 5000-ത്തോളം അച്ചടിസ്ഥാനപങ്ങളുള്‍പ്പെട്ട പ്രതിമാസം 175 കോടി രൂപ വിറ്റുവരവ് നേടിയിരുന്ന മേഖലയാണിതെന്ന് കെഎംപിഎ പ്രസിഡന്റ് ആര്‍ ഗോപകുമാറും ജനറല്‍ സെക്രട്ടറി ബിജു ജോസും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവയില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്

Update: 2020-04-17 06:20 GMT

കൊച്ചി: കൊവിഡ് -19 ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ പ്രിന്റിംഗ്, പാക്കേജിംഗ് മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് മേഖലയിലെ പ്രമുഖ സംഘടനയായ കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന്‍(കെഎംപിഎ). ചെറുകിട വ്യവസായ മേഖലയിലുള്‍പ്പെടുന്ന 5000-ത്തോളം അച്ചടിസ്ഥാനപങ്ങളുള്‍പ്പെട്ട പ്രതിമാസം 175 കോടി രൂപ വിറ്റുവരവ് നേടിയിരുന്ന മേഖലയാണിതെന്ന് കെഎംപിഎ പ്രസിഡന്റ് ആര്‍ ഗോപകുമാറും ജനറല്‍ സെക്രട്ടറി ബിജു ജോസും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവയില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തൊഴിലാളികളുടെ വേതനം, മിനിമം വൈദ്യുതി ചാര്‍ജ്, കെട്ടിടവാടക എന്നിവ കണ്ടെത്തുകയാണ് ഈ മേഖല ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതു കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ഒമ്പതിന സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.ഏപ്രില്‍-ജൂണ്‍ പാദത്തിലെ നിശ്ചിത വൈദ്യുതചാര്‍ജ് ഒഴിവാക്കുക, ലോക്ഡൗണ്‍ കാലത്തെ ബില്‍ റീഡിംഗ് പ്രകാരം മാത്രം ചാര്‍ജ് ഈടാക്കുക, തുക തവണകളായി അടയ്ക്കാന്‍ സൗകര്യമുണ്ടാക്കുക എന്നിവയാണ് വൈദ്യുതി ചാര്‍ജ് രംഗത്ത് സംഘടന ആവശ്യപ്പെടുന്ന ആനുകൂല്യങ്ങള്‍.

ഇതിനു പുറമെ കുറഞ്ഞ പലിശ നിരക്കില്‍ ഈടില്ലാതെ ആറു മാസം വരെ കാലാവധിയുള്ള പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കുക, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം ഒരു വര്‍ഷം വരെ നീട്ടുക, ആ കാലയളവിലെ പലിശയ്ക്ക് പൂര്‍ണമായ ഇളവുനല്‍കുക, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ഇപിഎഫ് ആനുകൂല്യം മാനദണ്ഡങ്ങളില്ലാതെ എല്ലാ എംഎസ്എംഇ യൂനിറ്റുകള്‍ക്കും നല്‍കുക, ലോക്ഡൗണ്‍ മൂലം തൊഴില്‍നഷ്ടപ്പെട്ട ദിവസങ്ങള്‍ മെഡിക്കല്‍ ലീവായി കണക്കാക്കി ഇഎസ്ഐ കോര്‍പറേഷന്‍ ഫണ്ടില്‍ നിന്നും വേതനം ലഭ്യമാക്കുക,

ജിഎസ്ടി റീഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, കേരളത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ അച്ചടിജോലികള്‍ കേരളത്തിലെ അച്ചടിശാലകള്‍ക്ക് മാത്രം നല്‍കുക, അച്ചടിശാലകള്‍ക്ക് നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കാനും അച്ചടിച്ച ഉല്‍പ്പന്നങ്ങള്‍ യഥാസ്ഥലങ്ങളില്‍ എത്തിച്ചു നല്‍കാനും അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന പാക്കേജാണ് നിലവിലെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കെഎംപിഎ ആവശ്യപ്പെടുന്നത്. 

Tags: