കൊവിഡ്-19 : ഐഎംഎ കൊച്ചി എണ്‍പതിനായിരം യൂനിറ്റ് സാനിറ്റൈസര്‍ വിതരണം ചെയ്തു

കൊറോണ വ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രാഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഐഎംഎ കൊച്ചി സാനിറ്റൈസര്‍ വിതരണം ആരംഭിച്ചിരുന്നു. സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടിവന്നാലും അത്യാവശ്യ സര്‍വ്വീസുകള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിക്കേണ്ടതിനും, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനുമാണ് സൗജന്യ സാനിറ്റൈസര്‍ വിതരണ പദ്ധതി ആവിഷ്‌കരിച്ചതെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഡോ. ജുനൈദ് റഹ്മാന്‍ പറഞ്ഞു

Update: 2020-03-26 13:57 GMT

കൊച്ചി : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ശാഖ ബിപിസിഎല്‍ന്റെ സഹായത്തോടെ കൊറോണയെ പ്രതിരോധിക്കാന്‍ നടപ്പാക്കിയ സൗജന്യ സാനിറ്റൈസര്‍ വിതരണം ലക്ഷ്യത്തിലേയ്ക്ക്. ഇതുവരെ 50 മില്ലിയുടെ എണ്‍പതിനായിരം യൂനിറ്റ് വിതരണം ചെയ്തുകഴിഞ്ഞു. കൊറോണ വ്യാപനം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രാഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഐഎംഎ കൊച്ചി സാനിറ്റൈസര്‍ വിതരണം ആരംഭിച്ചിരുന്നു. സമ്പൂര്‍ണ്ണ അടച്ചിടല്‍ വേണ്ടിവന്നാലും അത്യാവശ്യ സര്‍വ്വീസുകള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിക്കേണ്ടതിനും, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനുമാണ് സൗജന്യ സാനിറ്റൈസര്‍ വിതരണ പദ്ധതി ആവിഷ്‌കരിച്ചതെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഡോ. ജുനൈദ് റഹ്മാന്‍ പറഞ്ഞു.

ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഓട്ടോറിക്ഷ, ടാക്സി, ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, എറണാകുളം മാര്‍ക്കറ്റിലെ കട ഉടമകള്‍, ചുമട്ടുകാര്‍, ശുചീകരണ തൊഴിലാളികള്‍, മാധ്യമ പ്രവര്‍ത്തകര്‍, പോലിസ്, റെയില്‍വെ, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പാചക വാതക വിതരണക്കാര്‍, തുടങ്ങി സമൂഹത്തിന്റെ ചലനാത്മകത നിലനിറുത്തുവാന്‍ യത്നിക്കുന്നവര്‍ക്കാണ് എക്സ്പോര്‍ട്ട് നിലവാരമുള്ള ഹാന്‍ഡ്സാനിറ്റൈസര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. പാലിയേറ്റീവ് രംഗത്തും, ആരോഗ്യമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ സൗജന്യമായിതന്നെ സാനിറ്റൈസര്‍ വീണ്ടും നിറച്ചുനല്‍കുകയും ചെയ്യും.നമസ്തേ കൊച്ചി എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഗ്രീന്‍ കൊച്ചി മിഷന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം, കെല്‍സ, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി, ജില്ലാ ഭരണകൂടം എന്നിവര്‍ കൂടി പങ്കാളികളാണ്.  

Tags:    

Similar News