കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21,934 പേര്‍

ആകെ 377 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 346 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 331 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ആകെ സ്ഥിരീകരിച്ച 12 പോസിറ്റീവ് കേസുകളില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Update: 2020-04-06 14:59 GMT

കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് ആകെ 21,934 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ ആകെ 35 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളജില്‍ 33 പേരും ബീച്ച് ആശുപത്രിയില്‍ രണ്ടു പേരുമാണ് ഉള്ളത്. 11 പേരെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 21 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 377 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 346 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 331 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ആകെ സ്ഥിരീകരിച്ച 12 പോസിറ്റീവ് കേസുകളില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചിരുന്ന മൂന്ന് ഇതര ജില്ലകാരില്‍ ഒരാളും രോഗമുക്തി നേടി. 9 കോഴിക്കോട് സ്വദേശികളും 2 ഇതര ജില്ലക്കാരുമാണ് ചികിത്സയില്‍ തുടരുന്നത്. 31 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഞായറാഴ്ച പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനതല ജാഗ്രത സമിതി യോഗം ചേരുകയും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു വാര്‍ഡ്തല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ലഘുലേഖ വിതരണവും നടത്തി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 19 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. കൂടാതെ 48 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

സോഷ്യല്‍ മീഡിയയിലൂടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്‌സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണസന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ചെറുവാടി, പന്നിക്കോട്, കൊടിയത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ മൈക്ക് പ്രചാരണം നടത്തി. 

Tags:    

Similar News