കൊവിഡ്-19 : എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3057 ആയി;ഇന്ന് 2362 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി

ഇതില്‍ 2182 പേര്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയവരാണ്. 180 പേര്‍ ഇന്ന് പുതുതായി നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവരും. കൊറോണ രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നും വന്നവരും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഹൈ റിസ്‌ക്കില്‍ പെട്ടവരും 28 ദിവസത്തെ നിരീക്ഷണത്തില്‍ തന്നെ കഴിയണമെന്ന് ഉള്ളത് കൊണ്ടാണ് 2182 പേരോട് വീടുകളില്‍ തന്നെ വീണ്ടും നിരീക്ഷണത്തില്‍ തുടരുവാന്‍ നിര്‍ദേശിച്ചിട്ടുള്ളത്

Update: 2020-04-07 13:35 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 3057 ആയി.ഇന്നലെ 2362 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു. ഇതില്‍ 2182 പേര്‍ 14 ദിവസത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയവരാണ്. 180 പേര്‍ ഇന്ന് പുതുതായി നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവരും. കൊറോണ രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നും വന്നവരും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഹൈ റിസ്‌ക്കില്‍ പെട്ടവരും 28 ദിവസത്തെ നിരീക്ഷണത്തില്‍ തന്നെ കഴിയണമെന്ന് ഉള്ളത് കൊണ്ടാണ് 2182 പേരോട് വീടുകളില്‍ തന്നെ വീണ്ടും നിരീക്ഷണത്തില്‍ തുടരുവാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3024 ആയി. ഇതില്‍ 2761 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറി വിഭാഗവും, 263 പേര്‍ ലോ റിസ്‌ക്ക് വിഭാഗവും ആണ്.ഇന്നലെ 2 പേരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്തു. സ്വകാര്യ ആശുപത്രികളിലാണ് രണ്ടു പേരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും രണ്ടു പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 33 ആയി. ഇതില്‍ 18 പേര്‍ മെഡിക്കല്‍ കോളജിലും, 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലും, 9 പെര്‍ സ്വകാര്യ ആശുപത്രികളിലുമാണ്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച 18 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

ഇന്നലെ 43 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ ലഭിച്ച 41 സാമ്പിള്‍ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ഇനി 109 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ട്.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മേല്‍നോട്ടം വഹിക്കുന്ന 1833 സന്നദ്ധ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെടുകയും, 4290 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 25 പേര്‍ നിരീക്ഷണത്തിലുണ്ട്. സ്വകാര്യ ആശുപത്രികളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു.

ഇന്നലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ എത്തിയ 7 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേ ഉദയംപേരൂര്‍ വെച്ച് പോലിസ് തടഞ്ഞ ദമ്പതികളെ തൃപ്പൂണിത്തുറയിലുള്ള കോവിഡ് കെയര്‍ സെന്ററിലാക്കുവാന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടില്‍ നിന്നും ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലേക്ക് വന്ന ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍വൈസര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയും, തുടര്‍പരിശോധനയ്ക്കായി ആംബുലന്‍സ് ലഭ്യമാക്കുകയും ചെയ്തു.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 5 കപ്പലുകളിലെ 142 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല.

Tags: