കൊറോണ: മല്‍സ്യമേഖലയിലെ നിയന്ത്രണം ഒഴിവാക്കരുതെന്ന് ധീവരസഭ

തീരദേശ വാസികളെ സംരക്ഷിയ്ക്കുന്നതിന് അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മത്സ്യമേഖലയ്ക്കായി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കുകയുമാണ് വേണ്ടതെന്നും ധീവരസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Update: 2020-03-27 05:06 GMT

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ നിന്ന് മല്‍സ്യ മേഖലയെ ഒഴിവാക്കരുതെന്ന് ധീവരസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ വീടുകളില്‍ കഴിയണമെന്ന് നിഷ്‌കര്‍ഷിച്ചിരിയ്ക്കുമ്പോള്‍ വിവിധ മേഖലകളില്‍ നിന്നെത്തുന്ന നൂറുകണക്കിനാളുകള്‍ കൂടുന്ന ഹാര്‍ബറുകളും ലാന്റിംഗ് സെന്ററുകളും പ്രവര്‍ത്തിയ്ക്കാന്‍ അനുവദിച്ചാല്‍ കൊറോണയെ നിയന്ത്രിയ്ക്കുകയല്ല മറിച്ച് തീരമേഖലയില്‍ വ്യാപനത്തിനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ മാനിച്ച് മത്സ്യത്തൊഴിലാളി സംഘടനകളും മത്സ്യത്തൊഴിലാളികളും എന്തെല്ലാം പ്രതിസന്ധി ഉണ്ടായാലും മത്സ്യ ബന്ധനത്തിന് പോകണ്ട എന്ന് തീരുമാനിയ്ക്കുകയുണ്ടായി.

ഫിഷറീസ് വകുപ്പും പോലീസും മുന്‍കൈ എടുത്ത് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ഫിഷിംഗ് ഹാര്‍ബറുകളുടേയും ലാന്റിംഗ് സെന്ററുകളുടേയും ഫിഷ് മാര്‍ക്കറ്റുകളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെപ്പിയ്ക്കുകയും ചെയ്തു. എന്നാല്‍ മത്സ്യവിത്തുല്‍പാദന കേന്ദ്രങ്ങള്‍, ഹാച്ചറികള്‍, ഫാമുകള്‍ തീറ്റ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കുകയുണ്ടായി. എന്നാല്‍ ഈ അനുമതിയെ ദുര്‍വ്യാഖ്യാനം ചെയ്ത് ഫിഷറീസ് മന്ത്രിയുടെ അനുമതി ഉണ്ടെന്നും പറഞ്ഞ് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ മത്സ്യത്തൊഴിലാളികളെ ആഹ്വാനം ചെയ്യുകയാണെന്ന് ധീവരസഭ കുറ്റപ്പെടുത്തി.

ഇതുമൂലം മത്സ്യത്തൊഴിലാളികളില്‍ ചേരിതിരിവും സംഘര്‍ഷത്തിനും സാധ്യതയുണ്ട്. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള തീരമേഖലകളില്‍ കൊറോണ വ്യാപിച്ചാല്‍ ഉണ്ടാകാവുന്ന വിപത്ത് ചിന്തിയ്ക്കാന്‍ പോലും സാധിയ്ക്കുകയില്ല. തീരദേശ വാസികളെ സംരക്ഷിയ്ക്കുന്നതിന് അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മത്സ്യമേഖലയ്ക്കായി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കുകയുമാണ് വേണ്ടതെന്നും ധീവരസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News