കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും കൊവിഡ് 19 ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്ന് കലക്ടര്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കോഴിക്കോട്: ജില്ലയിലെ എല്ലാ ആശുപത്രികളിലും കൊവിഡ് 19 ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍തകരണവും വൈദ്യസഹായവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ ചെക്കിങ് പോയന്റുകളിലും ഏഞ്ചല്‍സിന്റെ സഹായത്തോടെ ആംബുലന്‍സുകള്‍ സജ്ജീകരിക്കും. രോഗം സംശയിക്കുന്നവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ ബീച്ച് ആശുപത്രിയിലേക്കോ അയക്കുന്ന സ്വകാര്യ ആശുപത്രികളുടെ നടപടി അവസാനിപ്പിക്കണമെന്നും മതിയായ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സൗകര്യമൊരുക്കും. മെഡിക്കല്‍ കോളജ്്, ജനറല്‍ ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ ആവശ്യമായ ഉപകരണങ്ങളും സംവിധാനവുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കുടുംബശ്രീയില്‍നിന്നും 50,000 ത്രീലെയര്‍ മാസ്‌കുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ചികിത്സക്കാവശ്യമായ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ലഭ്യത സംബന്ധിച്ച കണക്ക് അടിയന്തരമായി ശേഖരിച്ചു നല്‍കാന്‍ അദ്ദേഹം ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.