കൊറോണ രോഗ നിരീക്ഷണം ഇനി മുതല്‍ കാറ്റഗറി തിരിച്ച് മാത്രം
കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും തിരികെ വരുന്നവരെ കാറ്റഗറി A, B, C എന്നിങ്ങനെ മൂന്ന് കാറ്റഗറികള്‍ ആക്കി തിരിക്കും.
തിരുവനന്തപുരം: കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. അതനുസരിച്ച് തിരികെ വരുന്നവരെ കാറ്റഗറി A, B, C എന്നിങ്ങനെ മൂന്ന് കാറ്റഗറികള്‍ ആക്കി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തും. ഇവര്‍ സ്വന്തം വീടുകളില്‍ തന്നെ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
കടുത്ത പനി, തൊണ്ടവേദന ഉള്ളവരെയും, ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗര്‍ഭിണികള്‍, 60 വയസ്സിനു മേല്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങള്‍ ഉളളവരേയും കാറ്റഗറി ബി യില്‍ ഉള്‍പ്പെടുത്തും. ഇവര്‍ ദിശയുമായോ, കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പട്ട് അവിടെ നിന്നും നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ ചികിത്സ തേടണം. കാറ്റഗറി A യില്‍ പ്പെട്ടവര്‍ക്ക് അസുഖങ്ങള്‍ കൂടിയാല്‍ കാറ്റഗറി ബി ആയി പരിഗണിച്ച് ചികിത്സ നല്‍കും. കടുത്ത പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ശ്വാസം മുട്ട്, മറ്റു ഗുരുതര രോഗ ലക്ഷണങ്ങള്‍, തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യില്‍ ഉള്‍പ്പെടുത്തി ഹോസ്പിറ്റല്‍ ഐസോലേഷന്‍ മുറിയില്‍ ചികിത്സ ചെയ്യും.
റെയില്‍വേ സ്‌റ്റേഷനുകളില്‍ വരുന്ന യാത്രികരെ ബോധവല്‍ക്കരിക്കുന്നതിന് എറണാകുളം നോര്‍ത്ത്, സൗത്ത്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുടങ്ങി. രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ഭക്ഷണം എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി. ഇന്നലെ ഇറ്റലിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ മെഡിക്കല്‍ കോളജില്‍ എത്തിയ യാത്രക്കാരെ വീടുകളില്‍ നിരീക്ഷണത്തിനായി നിര്‍ദ്ദേശിച്ചു. സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് വിട്ടയച്ചത്.
