കൊറോണ: സ്വകാര്യാശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; ആലപ്പുഴയില്‍ 124 പേര്‍ നിരീക്ഷണത്തില്‍

മുന്നൊരുക്കങ്ങള്‍ 14 ഭാഗങ്ങളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനായി ഓരോരുത്തരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. എല്ലാ ദിവസവും വൈകീട്ട് എല്ലാവിഭാഗം ആളുകളുടെയും യോഗം ചേരും. പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കും. യോഗത്തിന് ശേഷം എല്ലാ ദിവസവും രാത്രി ഏഴിന് ജില്ലയിലെ സ്ഥിതി മാധ്യമങ്ങളെ അറിയിക്കും.

Update: 2020-02-02 13:10 GMT

ആലപ്പുഴ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വകാര്യാശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും അവ ക്രമീകരിച്ചുകഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കലക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ദേശീയ ആരോഗ്യമിഷന്‍ ഡയറക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊറോണ വൈറസിനെ നേരിടാന്‍ ആലപ്പുഴയില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ ആലപ്പുഴയില്‍ 124 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥി ഉള്‍പ്പടെ നാലുപേര്‍ മെഡിക്കല്‍ കോളജിലും ബാക്കിയുളളവര്‍ വീടുകളിലുമാണുള്ളത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് വിദ്യാര്‍ഥിക്കു വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം ലഭിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണ്. ഡോ. രത്തന്‍ ഖേല്‍ക്കര്‍ ആലപ്പുഴയില്‍ താമസിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മുന്നൊരുക്കങ്ങള്‍ 14 ഭാഗങ്ങളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനായി ഓരോരുത്തരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. എല്ലാ ദിവസവും വൈകീട്ട് എല്ലാവിഭാഗം ആളുകളുടെയും യോഗം ചേരും. പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കും. യോഗത്തിന് ശേഷം എല്ലാ ദിവസവും രാത്രി ഏഴിന് ജില്ലയിലെ സ്ഥിതി മാധ്യമങ്ങളെ അറിയിക്കും.

ബുള്ളറ്റിനും ഇറക്കും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നാലുകേസാണ് ഉള്ളത്. അതില്‍ ഒന്ന് പോസിറ്റീവാണ്. ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി കൊറോണ ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. നമ്പര്‍ കൈവശമില്ലെങ്കില്‍ തൊട്ടടുത്ത ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറെ വിവരമറിയിക്കുക. ഒരാളും കാര്യങ്ങള്‍ മറച്ചുവയ്കരുത്. ഇന്‍ക്വുബേഷന്‍ പിരീഡ് 28 ദിവസമാണ്. അത്രയും ദിവസം വീടുകളില്‍നിന്ന് പുറത്തേക്ക് പോവരുത്. ഇത്തരം വീടുകളില്‍ സല്‍ക്കാരമോ ചടങ്ങുകളോ നടത്തരുതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനായി ആലപ്പുഴ വൈറോളജി ലാബ് പ്രവര്‍ത്തനം ആരംഭിക്കും. ഇന്നു മുതല്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനു പകരം ആലപ്പുഴ വൈറോളജി ലാബിലാവും സാംപിളുകള്‍ പരിശോധിക്കുക. ഇതിനുള്ള അനുമതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍നിന്നു ലഭിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. 

Tags:    

Similar News