കൊവിഡ് 19: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ നടപ്പിലാക്കിയതിന് പിന്നാലെ ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചിലധികം പേര് കൂട്ടംകൂടരുതെന്ന് കർശന നിർദേശമുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാനായി മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവു. തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് അശുപത്രികളിലും നിയന്ത്രണം ഏർപ്പെടുത്തി.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂർണ്ണമായും അടച്ച സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുകയാണ്. അതേസമയം, കൊവിഡ് 19 പ്രതിരോധത്തിനായി അവശ്യ മരുന്നുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യുട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) തയ്യാറെടുക്കുകയാണ്.
അതിനിടെ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗണ്‍ ആരംഭിച്ചു. ആശങ്കയേറ്റി കോവിഡ് -19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണു നടപടി. ഇന്നലെ അർധരാത്രി മുതൽ മാർച്ച് 31 വരെയാണ് സർക്കാർ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുഗതാഗതം പൂർണമായി റദ്ദാക്കി.
കെഎസ്ആർടിസി, സ്വകാര്യബസ് സർവീസുകൾ റദ്ദാക്കി. ഓട്ടോ-ടാക്സി സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. സംസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചു. അതിർത്തി കടന്നെത്തുന്നവർക്കു കർശന പരിശോധനയും ക്വാറന്റൈനും നിർബന്ധമാക്കി.
സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും മെഡിക്കൽ സ്റ്റോറുകളും ഒഴികെയുള്ള സ്ഥാപനങ്ങൾ തുറക്കരുത്. 31 നുശേഷം ലോക്ക്ഡൗണ്‍ തുടരണമോ എന്ന് അപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനിക്കും