ഉപഭോക്തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല; പ്രതിക്കെതിരെ ജാമ്യമില്ലാവാറണ്ട്

എറണാകുളം പഴംതോട്ടം,ഐസക് കോളനി യിലെ കെ വി ബിനോയിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പുത്തന്‍കുരിശ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്കാണ് നിര്‍ദേശം നല്‍കിയത്.എറണാകുളം വീട്ടൂര്‍, നെല്ലാട് സ്വദേശി സാബു വര്‍ക്കി നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനുവാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്

Update: 2021-08-16 07:35 GMT

കൊച്ചി :ജില്ലാഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കിയില്ല എന്ന പരാതിയില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ ഉത്തരവ്.എറണാകുളം പഴംതോട്ടം , ഐസക് കോളനി യിലെ കെ വി ബിനോയിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പുത്തന്‍കുരിശ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്കാണ് നിര്‍ദേശം നല്‍കിയത്.എറണാകുളം വീട്ടൂര്‍, നെല്ലാട് സ്വദേശി സാബു വര്‍ക്കി നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ഡി ബി ബിനുവാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയില്ല എന്ന് കാണിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.

വീടിന്റെചോര്‍ച്ച ഫലപ്രദമായിമാറ്റാമെന്നും അതിന് 10 വര്‍ഷത്തെ വാറണ്ടിയുംവാഗ്ദാനം ചെയ്ത്37,000 രൂപ ഉപഭോക്താവില്‍ നിന്നും വാങ്ങി. ഗുണനിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ ചോര്‍ച്ച കൂടി വീട് വാസയോഗ്യമല്ലാത്തതായി എന്നാണ് പരാതി .ഉപഭോക്താവില്‍ നിന്ന് വാങ്ങിയ തുക 12 ശതമാനം പലിശ സഹിതം തിരിച്ചു നല്‍കണമെന്നും 2000 രൂപ കോടതി ചെലവായി നല്‍കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ കമ്മീഷനെ വീണ്ടും സമീപിച്ചത്.

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ( 20 .7 . 2020 നടപ്പിലായത്) വിധി നടപ്പിലാക്കാന്‍ വിപുലമായ അധികാരങ്ങളാണ് ഉപഭോക്തൃ കോടതിക്ക് നല്‍കിയിട്ടുള്ളത്.ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 71 വകുപ്പ് പ്രകാരം വിധി നടപ്പിലാക്കാത്ത പ്രതിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത് സിവില്‍ കോടതിയെ പ്പോലെ തുക ഈടാക്കാന്‍ കമ്മീഷനുകഴിയും.കൂടാതെ വകുപ്പ് 72 പ്രകാരം ക്രിമിനല്‍ നടപടി നിയമപ്രകാരവും കോടതിക്ക് നടപടി സ്വീകരിക്കാം.കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഒരു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയോ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ നിലവിലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം കോടതിക്ക് അധികാരമുണ്ട്.

Tags: