കാലുവാരിയ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടിയുമായി ഹൈക്കമാന്‍ഡ്

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് 14ന് തിരുവനന്തപുരത്ത് ചേരുന്ന സ്ഥാനാര്‍ത്ഥികളുടേയും കെപിസിസി ഭാരവാഹികളുടേയും യോഗത്തിലും തുടര്‍ന്ന് നടക്കുന്ന രാഷ്ട്രീയ കാര്യസമിതിയിലും ചര്‍ച്ച ചെയ്യും. തുടര്‍ന്നാവും നടപടി ഉണ്ടാവുക.

Update: 2019-05-07 05:56 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കളെ കാത്തിരിക്കുന്നത് സ്ഥാനമാറ്റം. ആദ്യം സ്ഥാനാര്‍ഥികളെ വേണ്ട വിധത്തില്‍ പരിഗണിക്കാത്ത നേതാക്കള്‍ക്കായിരിക്കും പണി കിട്ടുക. പാര്‍ട്ടി ഹൈക്കമാന്‍ഡിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.

നേതാക്കള്‍ കാലുവാരിയ മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെടുക കൂടിയുണ്ടായാല്‍ ശക്തമായ നടപടിയായിരിക്കും ഇവര്‍ നേരിടേണ്ടി വരികയെന്നാണ് വിവരം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് 14ന് തിരുവനന്തപുരത്ത് ചേരുന്ന സ്ഥാനാര്‍ത്ഥികളുടേയും കെപിസിസി ഭാരവാഹികളുടേയും യോഗത്തിലും തുടര്‍ന്ന് നടക്കുന്ന രാഷ്ട്രീയ കാര്യസമിതിയിലും ചര്‍ച്ച ചെയ്യും. തുടര്‍ന്നായിരിക്കും നടപടി ഉണ്ടാവുക.

സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ വോട്ട് മറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ഹൈക്കമാന്റ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ എഐസിസി നിയമിച്ച നിരീക്ഷകരാണ് വോട്ട് അട്ടിമറിക്കല്‍ കണ്ടെത്തിയത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, കോഴിക്കോട് മണ്ഡലങ്ങളിലാണ് വോട്ട് മറിക്കലും കാലുവാരലും നടന്നതെന്നാണ് പ്രാഥമിക നിഗമനം.

മുന്‍മന്ത്രിമാര്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെയും ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിക്കെതിരായും നീക്കം നടത്തിയതിന് തെളിവുകള്‍ ലഭിച്ചിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന നേതാവ് ശ്രമിച്ചെന്നും എഐസിസി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ കെപിസിസിക്കെതിരെ നടത്തിയ പരസ്യ വിമര്‍ശനം അച്ചടക്ക ലംഘനമാണെന്ന അഭിപ്രായമാണ് കെപിസിസിക്കുള്ളത്.

കോഴിക്കോട് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ ഉണ്ടായ ഒളികാമറ വിവാദം പ്രതിരോധിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികെ മറ്റു നേതാക്കള്‍ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചാലക്കുടിയില്‍ ബെന്നി ബഹനാന്‍ ആശുപത്രിയിലായ സന്ദര്‍ഭത്തില്‍ പലരും കാലുവാരാനുള്ള ശ്രമം നടന്നതായുമാണ് വിലയിരുത്തല്‍. കൂടാതെ സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്രമായ അഴിച്ചുപണിയും ഉടന്‍ ഉണ്ടാവും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റശേഷം താഴെത്തട്ടുമുതല്‍ സമഗ്രമായ പുന:സംഘടന ലക്ഷ്യമിട്ടെങ്കിലും അത് നടന്നിരുന്നില്ല.

പുന:സംഘടന അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന കേരള ഘടകത്തിന്റെ നടപടിയില്‍ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുമുണ്ട്. സംഘടനാ ദൗര്‍ബല്യം മുല്ലപ്പള്ളി നടത്തിയ കേരളയാത്രയിലും മുന്നിട്ടുനിന്നിരുന്നു. സ്വീകരണ പരിപാടികളില്‍ വീഴ്ച വരുത്തിയ പല കമ്മിറ്റികളേയും പിരിച്ചുവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പല ബൂത്തുകളിലും ആദ്യവസാനം ഇരിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടായി. ഇതെല്ലാം പരിഗണിച്ചായിരിക്കും കോണ്‍ഗ്രസിന്റെ തുടര്‍നടപടികള്‍.

Tags:    

Similar News