ഡി ലിറ്റ് വിവാദം: ഗവര്‍ണര്‍ വസ്തുത വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല

രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചു എന്ന ഗവര്‍ണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്ത്‌കൊണ്ടാണ് പ്രതികരിക്കാത്തത്. അദ്ദേഹം അപകടകരമായ മൗനം പാലിക്കുകയാണ്. അതിനര്‍ഥം താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ വസ്തുതകള്‍ ഉള്ളത് കൊണ്ടാണോയെന്ന് മുഖ്യമന്തി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Update: 2022-01-03 12:56 GMT

കൊച്ചി: രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗവര്‍ണര്‍ നിഷേധിച്ചിട്ടില്ല. രാജ്യത്തിന് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിച്ചു എന്ന ഗവര്‍ണറുടെ ആരോപണത്തോട് മുഖ്യമന്ത്രി എന്ത്‌കൊണ്ടാണ് പ്രതികരിക്കാത്തത്. അദ്ദേഹം അപകടകരമായ മൗനം പാലിക്കുകയാണ്. അതിനര്‍ഥം താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ വസ്തുതകള്‍ ഉള്ളത് കൊണ്ടാണോയെന്ന് മുഖ്യമന്തി വ്യക്തമാക്കണം.

സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എന്ത് കൊണ്ടാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്. വൈസ് ചാന്‍സലറുടെ മൗനം ദുരൂഹമാണ്. തെറ്റായ നടപടി ചെയ്യാന്‍ നിര്‍ബന്ധിതനായെന്ന് ഗവര്‍ണര്‍ പരസ്യമായി പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ആ വൈസ് ചാന്‍സലറെ പുറത്താക്കാന്‍ തയാറാകാത്തത്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാണ്. സര്‍വ്വകലാശാലകളുടെ വിശ്വാസ്യത തകരുന്നു. കാലടി സര്‍വകലാശാല ഓണററി ഡീലീറ്റ് കൊടുക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഇത് വരെ കൊടുക്കാത്തത് എന്ത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരള പോലിസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി. കേരളത്തിലെ പോലിസ് തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. നിരപരാധികളെ ആക്രമിക്കുന്നു. എന്ത് ചെയ്താലും ആരും ചോദിക്കാനില്ലാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷവും പിണറായി സര്‍ക്കാരിനെതിരായ ശക്തമായ പോരാട്ടം നയിച്ചത് താനായിരുന്നു. ഇനിയും അത് തുടരുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ പോലും തന്നെ ബന്ധപ്പെടുന്നുണ്ട്. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ദേശീയ പ്രാധാന്യമുള്ളതാണ്. മുഖ്യമന്ത്രിക്ക് ഇതിനു മറുപടി പറയാനുള്ള ബാധ്യതയുണ്ട്. വസ്തുതകള്‍ അറിയാന്‍ വേണ്ടിയാണ് ആറ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

അറിയാനുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്.കഴിഞ്ഞ അഞ്ച് വര്‍ഷവും താന്‍ നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തനിക്ക് ആരോടും അഭിപ്രായ വ്യത്യാസമില്ല. പൊതുസമൂഹത്തിനു ഗുണകരമാകുന്ന വിഷയങ്ങള്‍ ഉന്നയിക്കാന്‍ പൊതുപ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണെന്നും രമേശ് ചെന്നിത്തല ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Tags:    

Similar News