ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റി 20യില്‍ ചേര്‍ന്നു

ട്വന്റി 20 ഉപദേശക സമിതി അംഗവും സെക്രട്ടറിയുമായി വര്‍ഗ്ഗീസ് ജോര്‍ജിനെ തിരഞ്ഞെടുത്തതായി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിദേശത്ത് പ്രഫഷണലായി ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ജോര്‍ജ് ആ ജോലി രാജിവെച്ചാണ് ട്വന്റി20യില്‍ ചേര്‍ന്നിരിക്കുന്നത്.നടനും സംവിധായകനുമായ ലാലും മരുമകന്‍ ക്യാപ്റ്റന്‍ അലന്‍ ആന്റണിയും ട്വന്റി20യില്‍ അംഗമായി

Update: 2021-03-20 07:00 GMT

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജും നടനും സംവിധായകനുമായ ലാലും ട്വന്റി 20യില്‍ ചേര്‍ന്നു.ട്വന്റി 20 ഉപദേശക സമിതി അംഗവും സെക്രട്ടറിയുമായി വര്‍ഗ്ഗീസ് ജോര്‍ജിനെ തിരഞ്ഞെടുത്തതായി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിദേശത്ത് പ്രഫഷണലായി ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ജോര്‍ജ് ആ ജോലി രാജിവെച്ചാണ് ട്വന്റി20യില്‍ ചേര്‍ന്നിരിക്കുന്നത്. വര്‍ഗ്ഗീസ് ജോര്‍ജ്ജിന്റെ പിതാവ് ഡോ.ജോര്‍ജ്ജും ട്വന്റി20യില്‍ അംഗമായി.സീനിയര്‍ സിറ്റിസണ്‍ വിങ്ങിന്റെ പ്രസിഡന്റായി ജോര്‍ജ്ജിനെ നിയോഗിച്ചു.യൂത്ത് വിങ്ങിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന അധികച്ചുമതല കൂടി വര്‍ഗ്ഗീസ് ജോര്‍ജിന് നല്‍കിയതായും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി.

നടനും സംവിധായകനുമായ ലാലും ട്വന്റി20യില്‍ ചേര്‍ന്നതായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി.ഉപദേശക സമിതി അംഗമായി ലാലിനെ തിരഞ്ഞെടുത്തു.ലാലിനെക്കൂടാതെ അദ്ദേഹത്തിന്റെ മരുമകനും സിനിമാ നിര്‍മ്മാതാവുമായ ക്യാപ്റ്റന്‍ അലന്‍ ആന്റണിയും ട്വന്റി20ക്കൊപ്പം ചേര്‍ന്നു.യൂത്ത് വിങ് പ്രസിഡന്റായിട്ടാണ് അലന്‍ ആന്റണിയെ നിയോഗിച്ചിരിക്കുന്നത്.വനിതാ വിഭാഗത്തിന്റെ പ്രസിഡന്റായി സാമൂഹിക പ്രവര്‍ത്തകയായ ലക്ഷ്മി മേനോനെയും തിരഞ്ഞെടുത്തതായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വ്യക്തമാക്കി.വനിതാ-യുവജന വിഭാഗങ്ങളുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ട്വന്റി20യുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

Tags:    

Similar News