വീരേന്ദ്രകുമാറിന്റെ വേര്‍പാട്; പൊതുദര്‍ശനത്തിന് വയനാട്ടില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ആളുകളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സിആര്‍പിസി 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടുള്ളതല്ല.

Update: 2020-05-29 05:53 GMT

കല്‍പറ്റ: കൊവിഡ് 19 രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യസഭാംഗം എംപി വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മണിയങ്കോട് പുളിയാര്‍മലയിലുള്ള വസതിയിലാണ് പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും നടക്കുക.

ഭൗതിക ശരീരം കാണാന്‍ എത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതും, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കേണ്ടതുമാണ്. സ്ഥലത്തുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫിസര്‍, പൊലീസ് എന്നിവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.

ആളുകളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. സിആര്‍പിസി 144 വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടുള്ളതല്ല.

ഭൗതിക ശരീരം കാണുന്നതിന് സമയ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കും രണ്ട് മുതല്‍ മൂന്ന് വരെ മാതൃഭൂമി ജീവനക്കാര്‍ക്കും, എം.പി. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, മൂന്ന് മുതല്‍ നാല് വരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും, നാല് മുതല്‍ അഞ്ച് വരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമാണ് സൗകര്യം ഒരുക്കുക.

രാഷ്ട്രീയ പാര്‍ട്ടികളും, ജനപ്രതിനിധികളും അവരവരുടെ മേഖലകളില്‍ നിന്നും പരമാവധി രണ്ട് പ്രതിനിധികളെ മാത്രം അയക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 

Tags: