ശബരി റെയില്‍ പദ്ധതിക്ക് പകുതി നിര്‍മാണ ചെലവ് വഹിക്കുന്ന കാര്യം പരിശോധിക്കും: മുഖ്യമന്ത്രി
ശബരി റെയില്‍വേയുടെ പകുതി ചെലവ് വഹിക്കാന്‍ 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറക്കിയതിന്റെ കോപ്പി റെയില്‍വേയ്ക്ക് നല്‍കിയതായി ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിയെ അറിയിച്ചു.
തിരുവനന്തപുരം: ശബരി റെയില്‍പാതയുടെ നിര്‍മാണം പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പകുതി തുക സംസ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ നിവേദക സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ഥലം ഉടമകളുടെ ക്ലേശങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ബോധ്യം ഉണ്ടെന്നും പകുതി നിര്‍മാണ ചെലവ് വഹിക്കുന്ന കാര്യം പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശബരി റെയില്‍വേയുടെ ചെലവ് പങ്കിടാനുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം സംഘത്തെ അറിയിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ പി ടി തോമസ്, പി ജെ ജോസഫ്, എല്‍ദോ എബ്രഹാം, എല്‍ദോസ് കുന്നപ്പള്ളി, മുന്‍ എംഎല്‍എമാരായ ബാബു പോള്‍, ഗോപി കോട്ടമുറിക്കല്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡിജോ കാപ്പന്‍, പി എം ഇസ്മായില്‍, ജിജോ പനച്ചിനാനി, അജി ബി റാന്നി, ഗോപാലന്‍ വെണ്ടുവഴി, ഷാജി ഭാസ്‌കര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയക്ക് നിവേദനം നല്‍കി ചര്‍ച്ചയില്‍ പങ്കെടുത്തത്.
കിഫ്ബിയില്‍ നിന്ന് ശബരി റെയില്‍വേയ്ക്ക് ഫണ്ട് നീക്കി വെയ്ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും നിവേദക സംഘം ആവശ്യപ്പെട്ടു. ശബരി റെയില്‍വേയുടെ പകുതി ചെലവ് വഹിക്കാന്‍ 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറക്കിയതിന്റെ കോപ്പി റെയില്‍വേയ്ക്ക് നല്‍കിയതായി ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിയെ അറിയിച്ചു. ശബരി റെയില്‍വേക്കായി കേന്ദ്രവുമായി, എംഒയു ഒപ്പു വെച്ചതിന് ശേഷമാണ് സംസ്ഥാനം ചെലവ് പങ്കിടുന്ന കാര്യത്തില്‍ പിന്നോട്ട് പോയത് എന്നും അതിനാല്‍ ചിലവ് പങ്കിടാതെ ശബരി നിര്‍മാണം ഇനി മുന്‍പോട്ട് കൊണ്ടു പോകാന്‍ കേന്ദ്രസര്‍ക്കാരിന് ആകില്ലെന്ന് റെയില്‍വേ മന്ത്രി പറഞ്ഞതായി ഡീന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
