ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് കുറ്റകൃത്യം കൂടിയാണെന്ന് മുഖ്യമന്ത്രി

ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേർന്ന ഈ മണ്ണിൽ മതവർഗ്ഗീയവാദികൾക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും.

Update: 2020-01-30 06:00 GMT

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ചരിത്ര നിഷേധം മാത്രമല്ല ഗാന്ധിജിയോട് കാട്ടുന്ന കുറ്റകൃത്യം കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേർന്ന ഈ മണ്ണിൽ മതവർഗ്ഗീയവാദികൾക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല - മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"ഗാന്ധിജി വർഗീയ തീവ്രവാദിയുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചത് 72 വർഷങ്ങൾക്ക് മുമ്പാണ്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയിൽ നിന്നും അതിന്റെ നേർവിപരീതമായ ഒരു ഇന്ത്യയിലേക്ക് രാജ്യത്തെമാറ്റാൻ സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു യഥാർത്ഥ ദേശസ്നേഹികൾക്ക് അതിനെ മറികടക്കാൻ കഴിയണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെ തമസ്കരിക്കുവാനും അതുമായി ബന്ധപ്പെട്ട വസ്തുതകൾ വക്രീകരിക്കുവാനുമുള്ള ശ്രമങ്ങൾ നടക്കുന്നു. അത് അനുവദിച്ചു കൊടുത്തുകൂടാ.

ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയെ അഹിംസയിലും സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിർത്തിക്കൊണ്ട് സ്വാതന്ത്ര്യം എന്ന ലക്ഷ്യപ്രാപ്‌തിയിൽ എത്തിച്ചത് ലോക രാഷ്ട്രങ്ങൾ ആശ്ചര്യത്തോടെയാണ് എക്കാലവും ഓർക്കുന്നത്. ലോകമെമ്പാടും നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ജനാധിപത്യ സമരമുഖങ്ങളിൽ ഗാന്ധിജി ഇന്നും സാന്നിധ്യമാവുന്നത് അദ്ദേഹം ഉയർത്തി പിടിച്ച മൂല്യങ്ങളുടെ ശക്തിയാണ് കാണിക്കുന്നത്.

നമ്മുടെ രാജ്യം ഇന്നെത്തി നിൽക്കുന്ന ചരിത്രസന്ധിയിൽ ഗാന്ധിജിയെ തമസ്കരിക്കാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്, അദ്ദേഹം എതിർത്തിരുന്ന ആശയങ്ങളെ അദ്ദേഹത്തിന്‍റെ പേര് പറഞ്ഞു ന്യായീകരിച്ചെടുക്കാനുള്ള ഉദ്യമങ്ങളാണ് അരങ്ങേറുന്നത്. പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയെ തെറ്റായി വ്യാഖ്യാനിക്കുന്നത് ചരിത്ര നിഷേധം മാത്രമല്ല ഗാന്ധിജിയോട് കാട്ടുന്ന കുറ്റകൃത്യം കൂടിയാണ്. ഗാന്ധിജിയുടെ രക്തം അലിഞ്ഞു ചേർന്ന ഈ മണ്ണിൽ മതവർഗ്ഗീയവാദികൾക്ക് സ്ഥാനമില്ല. മതേതരത്വത്തിന് എതിരെയുള്ള എല്ലാ നീക്കങ്ങളും ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല." - മുഖ്യമന്ത്രി പിണറായി വിജയൻ

Tags:    

Similar News