ഒറ്റപ്പെട്ട ചില വ്യക്തികളുടെ മാനസികാവസ്ഥ സേനയില്‍ പ്രകടിപ്പിക്കരുത്; പോലിസിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി
സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പല മേഖലയിലും സംഭവിച്ചെന്നുവരാം. എന്നാല്‍, സംഭവിക്കാന്‍ പാടില്ലാത്തത് പോലിസ് സേനയിലുണ്ടാവരുത്. അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലിയെടുക്കുന്ന മേഖലയാണ് പോലിസ്.
തൃശൂര്‍: ഒറ്റപ്പെട്ട ചില വ്യക്തികള്‍ക്കുണ്ടാവുന്ന മാനസികാവസ്ഥ പോലിസ് സേനയില്‍ പ്രകടിപ്പിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ കോസ്റ്റല്‍ പോലിസിന്റെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലിസ് സേനയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ വേദനിപ്പിക്കുന്നു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പല മേഖലയിലും സംഭവിച്ചെന്നുവരാം. എന്നാല്‍, സംഭവിക്കാന്‍ പാടില്ലാത്തത് പോലിസ് സേനയിലുണ്ടാവരുത്. അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലിയെടുക്കുന്ന മേഖലയാണ് പോലിസ്.
തെറ്റുചെയ്താല്‍ കര്‍ശന നടപടി എടുക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പോലിസ് സേനയില്‍ സാരമായ മാറ്റംവരുത്തേണ്ട സമയമാണിത്. പഴയ പോലിസിന്റെ മുഖം സര്‍ക്കാര്‍ മാറ്റിയെടുക്കും. പോലിസിന് മാനുഷിക മുഖം നല്‍കും. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനമായിരിക്കും പോലിസ് സേനയ്ക്ക് ഇനി നല്‍കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നെടുങ്കണ്ടം കസ്റ്റഡി മരത്തില്‍ പോലിസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍നിന്ന് ലഭിച്ച 17,000 അപേക്ഷകരില്‍നിന്നാണ് 5 സ്ത്രീകള്‍ ഉള്‍പ്പടെ 177 പേരെ കോസ്റ്റല്‍ പോലിസ് കേഡറ്റുകളായി തിരഞ്ഞെടുത്തത്. മല്‍സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദരമാണ് കോസ്റ്റല്‍ പോലിസ് വാര്‍ഡന്‍മാരെന്ന് പോലിസ് അക്കാദമിയില്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
