വയനാടിനെതിരായ പരാമര്‍ശം: അമിത് ഷായ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

വയനാടിനെതിരായ അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയവിഷം തുപ്പുന്നതാണെന്ന് പിണറായി കുറ്റപ്പെടുത്തി. അമിത് ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്കറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകൂ എന്നും പിറണായി പറഞ്ഞു.

Update: 2019-04-11 12:22 GMT

കല്‍പ്പറ്റ: വയനാടിനെതിരേ വിവാദപരാമര്‍ശം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിനെതിരായ അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയവിഷം തുപ്പുന്നതാണെന്ന് പിണറായി കുറ്റപ്പെടുത്തി. അമിത് ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്കറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകൂ എന്നും പിറണായി പറഞ്ഞു. കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസിന്റേത് വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണ്. മതനിരപേക്ഷതയും വര്‍ഗീയതയും ഒരുമിച്ചുപറ്റില്ല. രണ്ടുവള്ളത്തില്‍ കാലുവച്ച് പോകാനാവില്ല. രാഹുലിനെ തോല്‍പ്പിക്കാന്‍ തന്നെയാണ് വയനാട്ടില്‍ മല്‍സരിക്കുന്നത്. ആസിയന്‍ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ വെടിവയ്പിലൂടെയാണ് ബിജെപി സര്‍ക്കാര്‍ നേരിട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്‍വന്‍ഷനുശേഷം രാഹുലിന്റെ റോഡ്‌ഷോയ്ക്ക് മറുപടിയുമായി കല്‍പ്പറ്റയില്‍ എല്‍ഡിഎഫും റോഡ്‌ഷോ സംഘടിപ്പിച്ചു. മന്ത്രിമാരായ എം എം മണി, കെ കെ ശൈലജ, വി എസ് സുനില്‍ കുമാര്‍, കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ റോഡ് ഷോയില്‍ പക്ഷേ മുഖ്യമന്ത്രി പങ്കെടുത്തില്ല.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം മാത്രം നടത്താന്‍ തീരുമാനിച്ചത് രാഹുലിന്റെ വരവോടെ റോഡ് ഷോയിലേക്ക് വഴിമാറുകയായിരുന്നു. ജില്ലയിലെ 575 ബൂത്തുകളില്‍നിന്നായെത്തിയ പ്രവര്‍ത്തകര്‍ ബാന്‍ഡ് മേളങ്ങളും കലാരൂപങ്ങളുമായി വിജയ് പമ്പ് മുതല്‍ മുനിസിപ്പല്‍ ഓഫിസ് പരിസരം വരെയുളള ഒരുകിലോമീറ്റര്‍ ഭാഗത്ത് അണിനിരന്നു. തിരഞ്ഞടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന പതിവില്ലെങ്കിലും രാഹുലിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ക്യാംപുകളില്‍ ആവേശവും ഇടതുക്യാംപുകളില്‍ നിരാശയും സൃഷ്ടിച്ചെന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.  

Tags:    

Similar News