തുടർച്ചയായ കാലാവസ്ഥാ മുന്നറിയിപ്പ്; മൽസ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക്

മഴയും കാറ്റും സ്വാഭാവികമാണ്. കാറ്റിന്റെ തീവ്രത എത്രമാത്രമാണെന്ന് പഠിക്കാതെയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇപ്പോൾ മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നത്.

Update: 2019-10-31 08:27 GMT

തിരുവനന്തപുരം: തുടർച്ചയായ കാലാവസ്ഥാ മുന്നറിയിപ്പ് മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതായി പരാതി. കാലാവസ്ഥാമാറ്റം വസ്തുതാപരമായി വിശകലനം ചെയ്തശേഷം മാത്രമേ മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകാവൂവെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറവും കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷനും ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയോട് ആവശ്യപ്പെട്ടു.

മഴയും കാറ്റും സ്വാഭാവികമാണ്. കാറ്റിന്റെ തീവ്രത എത്രമാത്രമാണെന്ന് പഠിക്കാതെയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇപ്പോൾ മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നത്. ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മത്സ്യതൊഴിലാളികൾക്ക് മത്സ്യബന്ധനം ഉപേക്ഷിക്കേണ്ടിവരുന്നു. ഓഖി ചുഴലിക്കാറ്റിന്റെ വേളയിൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിക്ക് പറ്റിയ തെറ്റിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ചെറിയൊരു കാറ്റുവന്നാൽപോലും മത്സ്യതൊഴിലാളികളെ പണിക്കുപോകുന്നതിൽനിന്നും വിലക്കുന്നത്. മത്സ്യതൊഴിലാളികളെ പേടിപ്പെടുത്തും വിധമുള്ള പ്രഖ്യാപനങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്.

ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ അറിയിപ്പിന് റ അടിസ്ഥാനത്തിൽ കടലിൽ പണിക്കുപോകാനാകാത്ത ദിവസങ്ങളിൽ ഒരു നിശ്ചിത തുക നൽകി മത്സ്യതൊഴിലാളികളുടെ പട്ടിണി മാറ്റാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി പീറ്റർ, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലേരിയൻ ഐസക്, ജില്ലാ സെക്രട്ടറി ജനറ്റ് ക്ലീറ്റസ് എന്നിവർ ആവശ്യപ്പെട്ടു. സൗജന്യ റേഷനല്ല വേണ്ടതെന്നും അവർ പറഞ്ഞു.

Tags:    

Similar News