തോല്‍വി ഉറപ്പായപ്പോള്‍ മോദിക്ക് പാവങ്ങളെ ഓര്‍മ്മ വന്നു: രമേശ് ചെന്നിത്തല

Update: 2019-02-01 11:06 GMT

തിരുവനന്തപുരം: തോല്‍വി ഉറപ്പായ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ നാലര വര്‍ഷവും രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൂട്ടുകച്ചവടക്കാരായ ഏതാനും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വീതിച്ചു നല്‍കിയ മോദിക്ക് തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് കര്‍ഷകരേയും പാവങ്ങളേയും സാധാരണക്കാരെയും ഓര്‍മ്മ വന്നത്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി ഒരു മാസമില്ല. ആ അവസരത്തില്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ചില്ലറ ആനുകൂല്യങ്ങള്‍ നല്‍കി അവരെ കബളിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്.

ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ടൊന്നും കഴിഞ്ഞ നാലര വര്‍ഷത്തെ ജനദ്രോഹത്തിന് പരിഹാരമാവില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച ചില്ലറ സഹായം അതിന് പരിഹാരമല്ല. കര്‍ഷകരുടെ അടിസ്ഥാന പ്രശ്നം പരിഹരിക്കാന്‍ ഇപ്പോഴും ശ്രമിച്ചിട്ടില്ല. പകരം അവരെ പറ്റിക്കാനാണ് ശ്രമം.

പോകുന്ന പോക്കില്‍ തിരിച്ചു വരില്ലെന്ന് ഉറപ്പുള്ളതു കൊണ്ടു മാത്രം വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പൊള്ളയായ ഈ വാഗ്ദാനങ്ങള്‍ കൊണ്ടൊന്നും ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതണ്ട. ജനങ്ങള്‍ ഈ സര്‍ക്കാരിനെ തൂത്തെറിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Tags: