വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ ഉന്നതലതല അന്വേഷണം വേണം: രമേശ് ചെന്നിത്തല

സംഘത്തിലുണ്ടായിരുന്ന സിപിഎം നേതാക്കള്‍ അടക്കമുളളവരെ രക്ഷിക്കാനുള്ള നീക്കം പോലിസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.

Update: 2019-03-01 13:44 GMT

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാര്‍ഥിയെ ആളുമാറി മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഈ സംഭവം. വിദ്യാര്‍ഥിയായ രജ്ഞിത്തിനെ ആളുമാറി മര്‍ദ്ദിച്ച് സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവര്‍ പ്രതികളാണ്. എന്നാല്‍ മര്‍ദ്ദക സംഘത്തിലുണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ വിനീത് മാത്രമാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന സിപിഎം നേതാക്കള്‍ അടക്കമുളളവരെ രക്ഷിക്കാനുള്ള നീക്കം പോലിസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.

കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചവറ തെക്കും ഭാഗം പോലിസ് കേസെടുത്തിരുന്നെങ്കിലും ജയില്‍ വാര്‍ഡന്‍ അടക്കമുള്ളവരെ അറസ്റ്റു ചെയ്തിരുന്നില്ല. എന്നാല്‍ ഈ വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ പോലിസ് തയ്യാറായത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായിരിക്കെ പോലിസ് ഒരാളെ മാത്രം അറസ്റ്റു ചെയ്ത് കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. ഇടതു സര്‍ക്കാരിന് കീഴില്‍ ഇത് പോലുള്ള സംഭവങ്ങള്‍ അടിക്കടി ഉണ്ടാവുകയാണ്. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാത്തതാണ് ഇതിന് കാരണം. അക്രമി സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.




Tags:    

Similar News