ചാവക്കാട് മല്‍സ്യത്തൊഴിലാളികളുമായി പോയ പിക്കപ്പ് വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്

ചാവക്കാട് കടപ്പുറം ആശുപത്രിപ്പടിക്കടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.

Update: 2019-07-14 07:03 GMT

ചാവക്കാട്: മല്‍സ്യത്തൊഴിലാളികളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചാവക്കാട് കടപ്പുറം ആശുപത്രിപ്പടിക്കടുത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ മലപ്പുറം വെളിയങ്കോട് സ്വദേശികളായ അഷ്‌റഫ് എന്ന അബ്ദു, ഇബ്രാഹിം, കുഞ്ഞിമരക്കാര്‍ എന്നിവരെ തൃശൂര്‍ അമല ആശുപത്രിയിലും പഞ്ചവടി സ്വദേശി നൗഫര്‍, വെളിയങ്കോട് സ്വദേശി ഹൈദ്രോസ് എന്നിവരെ മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അകലാട് സ്വദേശി മുത്തു, എടക്കഴിയൂര്‍ സ്വദേശി മുബാറക്, വെളിയങ്കോട് സ്വദേശികളായ മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, അലി, ഖാലിദ്, തമിഴ്‌നാട് സ്വദേശി ശിവ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

പരിക്കേറ്റവരില്‍ 11 പേര്‍ എടക്കഴിയൂര്‍ സ്വദേശി ബി എച്ച് ഹസ്സന്‍കോയയുടെ ഉടമസ്ഥതയിലുള്ള 'നമ്മള്‍ മുന്നോട്ട്' എന്ന വള്ളത്തിലെ തൊഴിലാളികളാണ്. മുബാറക് ഡ്രൈവറാണ്. മല്‍സ്യബന്ധനത്തിനായി മുനക്കക്കടവ് ഫിഷ്‌ലാന്റിങ് സെന്ററിലേക്ക് വാഹനത്തില്‍ പോകവെയായിരുന്നു അപകടം. നാട്ടുകാരോടൊപ്പം ചാവക്കാട് ടോട്ടല്‍ കെയര്‍, കോട്ടപ്പുറം ലാസിയോ, അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Tags:    

Similar News