'പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചുപോവുന്നവ'; പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

നിഗൂഢലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹജീവിതത്തിന്റെ പരിവേഷം നല്‍കി വഞ്ചിച്ച്, ഒരാളെ ജീവിതപങ്കാളിയെന്നു പറഞ്ഞ് സ്വന്തമാക്കുകയും, പിന്നീട് മറ്റുകാര്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുക!- ലേഖനം പറയുന്നു. അത് ലഹരിമാഫിയ ആവാം, കള്ളക്കടത്താവാം, ഭീകരപ്രവര്‍ത്തനമാവാം, മതമൗലികഭീകരതയാവാം, ഗുണ്ടായിസമാവാം, വേശ്യാവൃത്തിയാവാം ലൗ ജിഹാദോ നാര്‍കോട്ടിക്ക് ജിഹാദോ എന്തുമാവട്ടെ, ഇവയ്ക്ക് സ്വയം അടിമകളാവുന്നതും സമ്മര്‍ദംകൊണ്ടോ വഞ്ചിക്കപ്പെട്ടോ അടിമകളാക്കപ്പെടുന്നതും ഏത് കുടുംബത്തിനും സമുദായത്തിനും അപകടകരമാണ്, അതിന്റെ അടിവേരറുക്കുന്നതാണ്.

Update: 2021-09-13 04:54 GMT

കോട്ടയം: 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശം നടത്തിയ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും രംഗത്ത്. മയക്കുമരുന്ന് ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും തീവ്രവാദപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നുവെന്നും പ്രണയതീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ചുപോവുന്നവയാണെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. 'പ്രതിലോമശക്തികള്‍ക്കെതിരേ നിശബ്ദത പാലിക്കാനാവില്ല' എന്ന തലക്കെട്ടില്‍ ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ നിലപാട് അറിയിച്ചത്. ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ നിലനില്‍പ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം.

അതിനെതിരായ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കിയതും ജാഗ്രത പാലിക്കാന്‍ തന്റെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തതും. കുടുംബജീവിതത്തിന്റെ സൗന്ദര്യവും സമാധാനവും പരിശുദ്ധിയും നഷ്ടപ്പെടുത്തി കുടുംബങ്ങളെ തകര്‍ക്കുന്ന ചില ഘടകങ്ങള്‍ കുറച്ചുകാലമായി നമ്മുടെ സമൂഹത്തില്‍ ശക്തിയാര്‍ജിക്കുകയാണ്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതില്‍ വര്‍ധിച്ചുവരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാര്‍ പോലും ഇതിന് ഇരയാകുന്നു.

ബലപ്രയോഗങ്ങളെക്കാള്‍ പ്രണയക്കെണികളില്‍പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നതെന്നാണ് വാര്‍ത്താ മാധ്യമങ്ങളില്‍നിന്നു നമുക്ക് അറിയാന്‍ സാധിക്കുന്നത്. ഇത്തരം കെണികള്‍ ഒരുക്കുന്നതിനുവേണ്ടി മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് പെണ്‍കുട്ടികളെ മാത്രമല്ല, ആണ്‍കുട്ടികളെയും കെണിയില്‍പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു.

നിഗൂഢലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹജീവിതത്തിന്റെ പരിവേഷം നല്‍കി വഞ്ചിച്ച്, ഒരാളെ ജീവിതപങ്കാളിയെന്നു പറഞ്ഞ് സ്വന്തമാക്കുകയും, പിന്നീട് മറ്റുകാര്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുക!- ലേഖനം പറയുന്നു. അത് ലഹരിമാഫിയ ആവാം, കള്ളക്കടത്താവാം, ഭീകരപ്രവര്‍ത്തനമാവാം, മതമൗലികഭീകരതയാവാം, ഗുണ്ടായിസമാവാം, വേശ്യാവൃത്തിയാവാം ലൗ ജിഹാദോ നാര്‍കോട്ടിക്ക് ജിഹാദോ എന്തുമാവട്ടെ, ഇവയ്ക്ക് സ്വയം അടിമകളാവുന്നതും സമ്മര്‍ദംകൊണ്ടോ വഞ്ചിക്കപ്പെട്ടോ അടിമകളാക്കപ്പെടുന്നതും ഏത് കുടുംബത്തിനും സമുദായത്തിനും അപകടകരമാണ്, അതിന്റെ അടിവേരറുക്കുന്നതാണ്.

സുസ്ഥിതിയും ശരിയായ പുരോഗതിയും ആഗ്രഹിക്കുന്ന ഒരു സമുദായത്തിനോ രാജ്യത്തിനോ ഇതൊന്നും അംഗീകരിക്കാനോ നീതീകരിക്കാനോ സാധിക്കില്ല. നാര്‍ക്കോട്ടിക് ടെററിസം കേരളത്തിന്റെ പശ്ചാത്തലത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അന്താരാഷ്ട്ര വേദികളില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിട്ടുള്ളതാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അധികാരികള്‍ നിസംഗത പാലിക്കയോ പരോക്ഷമായെങ്കിലും പിന്തുണയ്ക്കയോ ചെയ്യുന്നത് ജനങ്ങളുടെയും രാജ്യത്തിന്റെയും ഭാവി അപകടത്തിലാക്കുകതന്നെ ചെയ്യും- ലേഖനം പറയുന്നു.

Tags:    

Similar News