ചാന്‍സലേഴ്‌സ് അവാര്‍ഡ് വിതരണം നാളെ; ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുക്കും

രാവിലെ 10ന് മഹാത്മാഗാന്ധി സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം 2017-18ലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡും മികച്ച എമര്‍ജിങ് യങ് സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും.

Update: 2019-03-06 08:46 GMT

കോട്ടയം: കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് നാളെ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് സമ്മാനിക്കും. രാവിലെ 10ന് മഹാത്മാഗാന്ധി സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം 2017-18ലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡും മികച്ച എമര്‍ജിങ് യങ് സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കാണ് മികച്ച എമര്‍ജിങ് യങ് സര്‍വകലാശാല അവാര്‍ഡ്.

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ അഡ്വ. കെ സുരേഷ് കുറുപ്പ്, രാജു എബ്രഹാം, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രഫ. രാജന്‍ ഗുരുക്കള്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് എന്നിവര്‍ പങ്കെടുക്കും. അഞ്ചുകോടി രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ചാന്‍സലേഴ്‌സ് അവാര്‍ഡ്. ഒരുകോടി രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മികച്ച എമര്‍ജിങ് യങ് സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ്.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച പ്രഫ. സിഎന്‍ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചാന്‍സലേഴ്‌സ് അവാര്‍ഡിനായി മികച്ച സര്‍വകലാശാലകളെ തിരഞ്ഞെടുത്തത്. 2015ലാണ് ചാന്‍സലേഴ്‌സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് അവാര്‍ഡ് ലഭിക്കുന്നത്. 2017ലാണ് മികച്ച എമര്‍ജിങ് യങ് സര്‍വകലാശാല അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.




Tags: