പങ്കെടുക്കില്ലെന്ന് മാണി വിഭാഗം; കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അനിശ്ചിതത്വത്തില്‍
ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം നിലപാട് കടുപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
കോട്ടയം: ചെയര്‍മാന്‍ പദവിയുടെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാത്ത സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത് അനിശ്ചിതത്വത്തിലായി. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം നിലപാട് കടുപ്പിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
ഒമ്പതിന് മുമ്പ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോന്‍സ് ജോസഫ് വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം ജൂണ്‍ ആറിന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ ജോസഫ് വിഭാഗം തീരുമാനമെടുത്തത്. എന്നാല്‍, ചെയര്‍മാനില്ലാതെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ ജോസ് കെ മാണി വിഭാഗം തള്ളിക്കളഞ്ഞിരിക്കുകയാണ്. ചട്ടമനുസരിച്ച് പാര്‍ട്ടി ചെയര്‍മാനാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കേണ്ടത്.
എന്നാല്‍, നിലവില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാത്തതിനാല്‍ പി ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്നത് ചെയര്‍മാനാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണെന്നാണ് മാണി വിഭാഗത്തിന്റെ ആരോപണം. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ആദ്യം ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കാന്‍ മാണി വിഭാഗത്തിന് എതിര്‍പ്പില്ല. അതേസമയം, ലയനസമയത്തെ ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മാണി വിഭാഗം ആവര്‍ത്തിക്കുന്നു.
ഇടുക്കിയില്‍ കോലം കത്തിച്ചതോടെ ജോസ് കെ മാണിയോട് യോജിച്ചുപോകാനാവില്ലെന്ന കടുത്ത നിലപാടിലാണ് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് രണ്ട് ഫോര്‍മുലകളാണ് ജോസഫ് വിഭാഗം മുന്നോട്ടുവച്ചത്. പി ജെ ജോസഫിനെയോ ഇ എ തോമസിനേയോ ചെയര്‍മാനാക്കണം. ജോസഫിനെ ചെയര്‍മാനാക്കിയാല്‍ ജോസ് കെ മാണിയെ വര്‍ക്കിങ് ചെയര്‍മാനാക്കാന്‍ തയ്യാറാണ്. സി എഫ് തോമസിന് നിയമസഭാ നേതാവിന്റെ സ്ഥാനവും നല്‍കും. അതേസമയം, സി എഫിനെ ചെയര്‍മാനാക്കിയാല്‍ ജോസഫിന് വര്‍ക്കിങ് ചെയര്‍മാന്‍, നിയമസഭാ നേതാവ് എന്നിങ്ങനെ ഇരട്ടപദവി നല്‍കണം. ഡെപ്യൂട്ടി ചെയര്‍മാന്റെ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കും. രണ്ട് നിര്‍ദേശങ്ങളും ജോസ് കെ മാണി വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല.
എന്നാല്‍, സി എഫിനെ ചെയര്‍മാനാക്കിയാല്‍ വര്‍ക്കിങ് ചെയര്‍മാനാവാന്‍ തയ്യാറാണ്. പക്ഷേ, പിന്നീട് ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കുമെന്ന് ഉറപ്പുകിട്ടണം. ഈ ഫോര്‍മുലയെ ചുറ്റിപ്പറ്റി സമവായ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് തര്‍ക്കം തെരുവിലേക്കെത്തിയത്. ഇതോടെ കോലം കത്തിച്ചവരുമായി സന്ധിയില്ലെന്ന് വ്യക്തമാക്കി പി ജെ ജോസഫ് നിലപാട് കടുപ്പിക്കുകയായിരുന്നു. പി ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കുന്നില്ലെങ്കില്‍ ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാനും ജോസ് കെ മാണി വിഭാഗം ആലോചിക്കുന്നുണ്ട്. അതിനിടെ, കേരള കോണ്‍ഗ്രസിലെ തമ്മിലടി പരിഹരിക്കാന്‍ കത്തോലിക്കാ സഭ അനുരഞ്ജനശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. പി ജെ ജോസഫും ജോസ് കെ മാണിയുമായി ചില ബിഷപ്പുമാര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ഒത്തുതീര്‍പ്പുകള്‍ക്ക് കോണ്‍ഗ്രസും ഇരുവിഭാഗവുമായി ആശയവിനിമയം നടത്തുന്നുണ്ട്.

