കേന്ദ്രത്തിന്റെ പുതിയ കാര്‍ഷികനിയമം: നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ

രാവിലെ ഒമ്പതിന് ചേരുന്ന സമ്മേളനത്തില്‍ നിയമസഭാ ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാവും സംസാരിക്കാന്‍ അവസരം നല്‍കുക.

Update: 2020-12-30 17:29 GMT

തിരുവനന്തപുരം: കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഐകകണ്‌ഠ്യേന പ്രമേയം പാസാക്കുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച ചേരും. രാവിലെ ഒമ്പതിന് ചേരുന്ന സമ്മേളനത്തില്‍ നിയമസഭാ ചട്ടം 118 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാവും സംസാരിക്കാന്‍ അവസരം നല്‍കുക.

ഒരുമണിക്കൂര്‍ സമയപരിധി നിശ്ചയിച്ചാണു സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിച്ച് തീരുന്നതുവരെ സമ്മേളനം തുടരും. മറ്റു നടപടിക്രമങ്ങളെല്ലാം ജനുവരി എട്ടിനു ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള കോണ്‍ഗ്രസ്-എമ്മില്‍ ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമായ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണ് ചേരുന്നത്. എന്നാല്‍, കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കത്തില്‍ സ്പീക്കറുടെ അന്തിമതീരുമാനം വരാത്ത സാഹചര്യത്തില്‍ മാണി വിഭാഗം എംഎല്‍എമാരായ റോഷി അഗസ്റ്റിന്റെയും പ്രഫ.എന്‍ ജയരാജിന്റെയും ഇരിപ്പിടം പ്രതിപക്ഷ നിരയില്‍ തന്നെയായിരിക്കും.

ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെ ഉത്ക്കണ്ഠയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം 31നു വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. കര്‍ഷക വിഷയം ചര്‍ച്ചചെയ്യാന്‍ 23നു നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അത് അംഗീകരിച്ചില്ല. അടിയന്തരപ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി. സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം 31ന് പ്രത്യേക സമ്മേളനം വിളിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

പൊതുതാല്‍പര്യ വിഷയമായതിനാല്‍ നിയമസഭ ചര്‍ച്ച ചെയ്യുന്നത് ഉചിതമാണെന്ന നിലപാട് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രി നല്‍കിയ കത്തിലും ഇക്കാര്യം വ്യക്തമാക്കി. മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍കുമാറും ഗവര്‍ണറെ സന്ദര്‍ശിച്ച് സമ്മേളനം ചേരേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. വര്‍ഷാരംഭത്തിലെ ആദ്യസഭാസമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോഴും പ്രത്യേക സമ്മേളനത്തിന് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഗവര്‍ണര്‍ നിലപാട് മാറ്റിയത്. ജനുവരി എട്ടിനാണ് ബജറ്റ് സമ്മേളനം തുടങ്ങുക.

Tags:    

Similar News