സിഎജി റിപോര്‍ട്ട്: കേരളാ പോലിസില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്ന് തെളിഞ്ഞു- വെല്‍ഫെയര്‍ പാര്‍ട്ടി

കാണാതായ വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ കാണിച്ചത് പോലിസ് ഉന്നതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കുന്നതാണ്.

Update: 2020-02-13 13:45 GMT

തിരുവനന്തപുരം: കേരളാ പോലിസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് തെളിയിക്കുന്നതാണ് ഡിജിപിയടക്കം ഉള്‍പ്പെട്ട ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കോടികള്‍ വകമാറ്റിയതും സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടും മാത്രമല്ല, സ്വന്തം ആയുധങ്ങളും വെടിയുണ്ടകളും സൂക്ഷിക്കാനാവാത്ത സേനയാണ് കേരളാ പോലിസ് എന്നത് ആഭ്യന്തരസുരക്ഷയെ തന്നെ ആശങ്കപ്പെടുത്തുന്നതാണ്.

കാണാതായ വെടിയുണ്ടകള്‍ക്ക് പകരം കൃത്രിമ വെടിയുണ്ടകള്‍ കാണിച്ചത് പോലിസ് ഉന്നതരുടെ ഒത്താശയോടെയാണ് ക്രമക്കേട് നടന്നതെന്ന് വ്യക്തമാക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം. തല്‍ക്കാലം അവധിയില്‍ പ്രവേശിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് ഡിജിപി നടത്തുന്നത്. ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രി, ബെഹ്‌റയ്ക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കുകയാണെന്ന് വ്യക്തമാണ്. വന്‍ അഴിമതിയും ക്രമക്കേടും നടത്തുന്നവരെ പോലിസ് സേനയുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയും പോലിസ് ഭാഷ്യം അതേപടി ആവര്‍ത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരള ജനതയോട് മാപ്പുപറയണമെന്നും പോലിസിലെ അഴിമതിക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News