ബഫര്‍സോണ്‍: മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; ഇരിട്ടിയില്‍ കര്‍ഷക റാലി

ജനവാസ കേന്ദ്രങ്ങളില്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധി ഒരു കിലോമീറ്റര്‍ ആയി നിശ്ചയിച്ച സുപ്രീംകോടതി വിധി അനേകം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതാണെന്ന ആശങ്കയാണ് കര്‍ഷകര്‍ പങ്കുവെച്ചത്.

Update: 2022-06-14 13:32 GMT

ഹര്‍ത്താലിനോടനുബന്ധിച്ച് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. അടയ്ക്കാതോട്‌നിന്നുള്ള ദൃശ്യം

ഇരിട്ടി: പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയും പ്രതിഷേധവും പങ്കുവച്ച് ഇരിട്ടിയില്‍ കൂറ്റന്‍ കര്‍ഷക റാലി. സംയുക്ത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപിച്ച റാലിയില്‍ നിരവധി പേര്‍ അണിനിരന്നു. ജനവാസ കേന്ദ്രങ്ങളില്‍ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധി ഒരു കിലോമീറ്റര്‍ ആയി നിശ്ചയിച്ച സുപ്രീംകോടതി വിധി അനേകം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതാണെന്ന ആശങ്കയാണ് കര്‍ഷകര്‍ പങ്കുവെച്ചത്.

ഇരിട്ടി പാലത്തിന് സമീപത്തു നിന്ന് 5ന് ആരംഭിച്ച റാലി നഗരം ചുറ്റി ഇരിട്ടി പഴയ ബസ് സ്റ്റാന്റിന് സമീപം സമാപിച്ചു. പ്രതിഷേധ പൊതുസമ്മേളനം തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പി സന്തോഷ് കുമാര്‍ എംപി, സണ്ണി ജോസഫ് എംഎല്‍എ, ബിനോയ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇതോടനുബന്ധിച്ച് സര്‍വകക്ഷി കര്‍മ സമിതിയും എല്‍ഡിഎഫും ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. വാഹനങ്ങള്‍ വളരെ വിരളമായാണ് നിരത്തിലിറങ്ങിയത്.

ചുരുക്കം ചില കെഎസ്ആര്‍ടിസികള്‍ ഒഴികെ മറ്റ് ബസുകളും സര്‍വീസ് നടത്തിയില്ല. ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച സുപ്രീംകോടതി വിധിക്കെതിരേയാണ് സര്‍വകക്ഷി കര്‍മ സമിതിയും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ ആണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ എല്‍ഡിഎഫ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെയായിരുന്നു ഹര്‍ത്താല്‍.

Tags:    

Similar News