ബജറ്റ്: എറണാകുളം ജില്ലയിലെ ആരോഗ്യ, ടൂറിസം മേഖലയ്ക്ക് കരുത്താകും

ജില്ലയിലെ ടൂറിസം മേഖലയ്ക്കായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫീബിയന്‍ വാഹന സൗകര്യം കൊച്ചിയിലും നടപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്.തീരദേശ സംരക്ഷണത്തിന് ആകെ 11,000 കോടിയും കടലാക്രമണം നേരിടാന്‍ കിഫ് ബി വഴി 1500 കോടിയും ചെലവിടും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം പോലുള്ള ജില്ലയിലെ പ്രദേശങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Update: 2021-06-04 07:03 GMT

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയുള്ള സംസ്ഥാന ബജറ്റില്‍ എറണാകുളം ജില്ലയ്ക്ക് നേട്ടം ഏറെ. ആരോഗ്യമേഖലയില്‍ എല്ലാ സി എച്ച് സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി പത്ത് ബെഡുകള്‍ സ്ഥാപിക്കും. ഒരു കേന്ദ്രത്തിന് ഏകദേശം മൂന്ന് കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. കൂടാതെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി എസ് എസ് ഡിയാക്കി മാറ്റുന്നതിനും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം 25 സി എസ് എസ് ഡി കള്‍ നിര്‍മ്മിക്കാന്‍ 18.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ രണ്ട് പദ്ധതി പ്രഖ്യാപനങ്ങളുടെയും പ്രയോജനം എറണാകുളം ജില്ലയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ജില്ലയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ തീരദേശ സംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതിയും ഏറെ ആശ്വാസകരമാണ്. തീരദേശ സംരക്ഷണം, തീരമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികള്‍ക്കായി 5300 കോടിയാണ് കണക്കാക്കിയിരിരുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സംയോജിത സംരക്ഷണ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ലോകബാങ്ക്, നബാര്‍ഡ്, കിഫ് ബി എന്നിവയിലൂടെ ധനസഹായം ലഭ്യമാക്കും. തീരദേശ സംരക്ഷണത്തിന് ആകെ 11,000 കോടിയും കടലാക്രമണം നേരിടാന്‍ കിഫ് ബി വഴി 1500 കോടിയും ചെലവിടും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചെല്ലാനം പോലുള്ള ജില്ലയിലെ പ്രദേശങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജില്ലയിലെ ടൂറിസം മേഖലയ്ക്കായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫീബിയന്‍ വാഹന സൗകര്യം കൊച്ചിയിലും നടപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കൊച്ചിക്ക് പുറമേ കൊല്ലം, തലശേരി എന്നിവിടങ്ങളിലും പദ്ധതി ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുത്തന്‍ ചുവടുവെയ്പ് എന്ന നിലയില്‍ പത്ത് ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കാനും നിര്‍ദ്ദേശമുണ്ട്. 10 കോടിയാണ് സര്‍ക്കാര്‍ വിഹിതം. കൊച്ചിയിലെ സിയാലിന്റെയും ഐഒസിയുടെയും സഹകരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    

Similar News