പെപ്‌സികോ ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിച്ച് കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍

ഉല്‍പ്പന്ന ബഹിഷ്‌കരണ ആഹ്വാനവുമായി സോഷ്യല്‍ മീഡിയയിലും സജീവ കാംപയിന്‍ നടന്നു. എന്നാല്‍, ഇത് ആദ്യമായാണ് ഒരു വ്യാപാരി സംഘടന ഇത്തരം തീരുമാനമെടുക്കുന്നത്.

Update: 2019-04-30 04:21 GMT

കൊടുങ്ങല്ലൂര്‍: കര്‍ഷക ദ്രോഹ നടപടികള്‍ സ്വീകരിച്ച ആഗോളകുത്തകയായ പെപ്‌സികോയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍. കൊടുങ്ങല്ലൂരിലെ മര്‍ച്ചന്റ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇത്. ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരേ കമ്പനിയെടുത്ത നടപടികള്‍ പിന്‍വലിക്കാതെ വ്യാപാരം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് യോഗ തീരുമാനം. നിയമനടപടിക്ക് വിധേയമായ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോഴത്തെ തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

പേറ്റന്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ പെപ്‌സി കമ്പനിക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ വീതം കൊടുക്കണമെന്ന് ഗുജറാത്തിലെ സിറ്റി സിവില്‍ കോര്‍ട്ടിലെ കൊമേഴ്‌സ്യല്‍ കോടതി വിധിച്ചിരുന്നു. ലെയ്‌സ് ഉല്‍പ്പാദകരായ പെപ്‌സിക്കൊ ഇന്ത്യ ഹോള്‍ഡിങ് െ്രെപവറ്റ് ലിമിറ്റഡ് നല്‍കിയ പരാതിയിലായിരുന്നു വിധി. പെപ്‌സി കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന ലെയ്‌സ് എന്ന ഉരുളക്കിഴങ്ങ് ചിപ്‌സില്‍ ഉപയോഗിക്കുന്ന എഫ് എല്‍ 2027 ഇനം ഉരുളക്കിഴങ്ങ് അനധികൃതമായി ഉള്‍പ്പാദിപ്പിച്ചു എന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്.

മൂന്നിനും നാലിനും ഇടയില്‍ ഏക്കര്‍ കൃഷിഭൂമിയുള്ള ഏതാനും ഉരുളക്കിഴങ്ങ് കര്‍ഷകരെ പ്രതിചേര്‍ത്താണ് പെപ്‌സി കമ്പനി ബൗദ്ധിക സ്വത്തവകാശത്തിന്മേലുള്ള കടന്നുകയറ്റമാരോപിച്ച് കേസ് നല്‍കിയത്. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വറൈറ്റി ആക്റ്റ്, 2001 പ്രകാരം തങ്ങള്‍ പ്ലാന്റ് വറൈറ്റി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഉരുള്ളക്കിഴങ്ങ് ഇനമാണ് എഫ് എല്‍ 2027 എന്നാണ് കമ്പനിയുടെ വാദം. പെപ്‌സികോ കമ്പനിയുടെ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉല്‍പ്പന്ന ബഹിഷ്‌കരണ ആഹ്വാനവുമായി സോഷ്യല്‍ മീഡിയയിലും സജീവ കാംപയിന്‍ നടന്നു. എന്നാല്‍, ഇത് ആദ്യമായാണ് ഒരു വ്യാപാരി സംഘടന ഇത്തരം തീരുമാനമെടുക്കുന്നത്.

Tags:    

Similar News