വനിതകളെ അപമാനിക്കുന്ന നമോ ടി വി വീഡിയോ; നടപടിയാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

നമോ ടി വി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഏഴിന് പുറത്തു വിട്ട വിഡിയോ പരിപാടിക്കെതിരെ പറവൂര്‍ സ്വദേശിനി ഷീബ സഗീറാണ് സംസ്ഥാന ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കിയത്. മൂന്നു മിനിറ്റ് 20 സെക്കന്റ് നീണ്ടു നില്‍ക്കുന്ന വീഡിയോ പരിപാടിയില്‍ ഉടനീളം ചില രാഷ്ട്രീയ പാര്‍ടികളെയും സ്ത്രീകളെയും അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു

Update: 2020-04-13 07:40 GMT

കൊച്ചി: നമോ ടി വി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഈ മാസം ഏഴിന് പുറത്തുവിട്ട വീഡിയോ പരിപാടി ചില രാഷ്ട്രീയ പാര്‍ടികളെയും സ്ത്രീകളെയും അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാരോപിച്ച് ഡിജിപിക്ക് പരാതി നല്‍കി.ഏഴിന് വൈകുന്നേരെ 3.20 നു പുറത്തു വിട്ട വിഡിയോ പരിപാടിക്കെതിരെ പറവൂര്‍ സ്വദേശിനി ഷീബ സഗീറാണ് സംസ്ഥാന ഡിജിപി ലോക് നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കിയത്. മൂന്നു മിനിറ്റ് 20 സെക്കന്റ് നീണ്ടു നില്‍ക്കുന്ന വീഡിയോ പരിപാടിയില്‍ ഉടനീളം ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പൊതു പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെയും ഏറ്റവും മ്ലേച്ചവും കേട്ടാല്‍ അറക്കുന്നതുമായ ഭാഷയില്‍ തെറി വിളിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും മത വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുകയുണ്ടായെന്നും ഷീബ സഗീര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് നാട്ടില്‍ മത സ്പര്‍ധ ഉണ്ടാക്കാനും വിശ്വാസികളെയും സ്ത്രീകളെയും അപമാനിക്കാനും വേണ്ടി ബോധ പൂര്‍വ്വം തയ്യാറാക്കിയതാണ്. സംഘ പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ് വീഡിയോ എന്നും ഷീബ സഗീര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ഈ പരിപാടി മൂലം താനടക്കമുള്ള സ്ത്രീ കള്‍ക്ക് ഉണ്ടായ മാനഹാനിയും മത വിശ്വാസികള്‍ക്ക് ഉണ്ടായ മുറിവും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പൊതു സമൂഹത്തില്‍ ഉണ്ടായിട്ടുള്ള അപമാനവും വളരെ വലുതാണ്. ഈ പരിപാടിയുടെ അവതാരക, സ്‌ക്രിപ്റ്റ് റൈറ്റര്‍, മുഴുവന്‍ പിന്നണി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സൈബര്‍ നിയമം,സ്ത്രീകളെ അവഹേളിക്കല്‍, മത സ്പര്‍ധ ഉണ്ടാക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മേലില്‍ മതസ്പര്‍ധ, വര്‍ഗീയത എന്നിവ പടര്‍ത്തുന്ന പരിപാടി നമോ ടിവി യില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിക്കണമെന്നും ഷീബ സഗീര്‍ ഡിജിപിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വീഡിയോയുടെ പകര്‍പ്പും പരാതിക്കൊപ്പം ഡിജിപിക്കു കൈമാറി 

Tags:    

Similar News