വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയിൽ

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻറായതോടെയാണ് സജീവമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസമാണ് ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്.

Update: 2020-04-05 05:14 GMT

ഇരവിപേരൂർ: വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയിൽ. ലോക്ക്ഡൗണിന്റെ മറവിൽ വ്യാജവിദേശമദ്യം വില്പന നടത്താൻ ശ്രമിക്കവെയാണ് ബിജെപിയുടെ ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറി കിഴക്കനോതറ പഴയ കാവ് വേട്ടുകുന്നിൽ സുനിൽ ഓതറയും സഹായിയും പോലിസ് പിടിയിലായത്. മാരുതി സ്വിഫ്റ്റ് കാറും നാലര ലിറ്റർ മദ്യവും പോലിസ് പിടികൂടി.

വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്ക് ഓതറ വടികുളം ഇലഞ്ഞിമൂട്ടിൽ വച്ചാണ് സുനിൽ പോലിസ് പിടിയിലായത്. ഇവിടെ പ്രവർത്തിക്കുന്ന ക്ലബിന്റെ ഭാരവാഹി കൂടിയായ സുനിൽ ക്ലബിന്റെ മറവിലാണ് മദ്യവില്പന നടത്തിവന്നത്. പിടിയിലായ സുനിലിനെകൊണ്ട് തന്ത്രപരമായി വിളിച്ചുവരുത്തിയാണ് ഗോപുവിനെ പിടികൂടിയത്.

യുവമോർച്ച ജില്ലാ ഭാരവാഹി സുനിൽ കടുത്ത മുരളീധരപക്ഷക്കാരനായിരുന്നു. ഇടക്കാലത്ത് നേതൃത്വവുമായി ഇടഞ്ഞ് മാറി നിന്ന ഇയാൾ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻറായതോടെയാണ് സജീവമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസമാണ് ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്.

പത്തനംതിട്ട പോലിസ് മേധാവി കെജി സൈമണ് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് രണ്ടു ദിവസമായി ഇവർ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. തിരുവല്ല സിഐ പി എസ് വിനോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും ലഭിച്ച മദ്യത്തിന്റെ ഉറവിടത്തെപ്പറ്റി പോലിസ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു‌. 

Tags:    

Similar News