പൗരത്വ ഭേദഗതി നിയമം: ഗൃഹസന്ദർശനത്തിനെത്തിയ അബ്ദുല്ലക്കുട്ടിയെ നാട്ടുകാർ തടഞ്ഞു

മണക്കാട്, കല്ലാട്ട്മുക്ക് പ്രദേശങ്ങളിലായിരുന്നു അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ലഘുലേഖയുമായി ഗൃഹസന്ദർശനത്തിന് എത്തിയത്.

Update: 2020-01-12 11:36 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തേയും എൻആർസിയേയും അനുകൂലിച്ച് വീടുകളിൽ ലഘുലേഖ വിതരണം ചെയ്യാനെത്തിയ ബിജെപി നേതാക്കളെ നാട്ടുകാർ തടഞ്ഞു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ പി അബ്ദുല്ലക്കുട്ടിയേയും തിരുവനന്തപുരം നഗരത്തിലെ പ്രാദേശിക നേതാക്കളേയുമാണ് തടഞ്ഞത്.

ഇന്നു രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിൽ മണക്കാട്, കല്ലാട്ട്മുക്ക് പ്രദേശങ്ങളിലായിരുന്നു അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിൽ നേതാക്കൾ ലഘുലേഖയുമായി ഗൃഹസന്ദർശനത്തിന് എത്തിയത്. എന്നാൽ, പൗരത്വ ഭേദഗതിയെ സംബന്ധിച്ച പ്രദേശവാസികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ സംഘം വൈകാതെ സ്ഥലം വിട്ടു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കും എതിരാണെന്നും ഈ മേഖലയിൽ ഗൃഹസന്ദർശനം നടത്തേണ്ടതില്ലെന്നും പ്രദേശവാസികൾ നിലപാടെടുത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെപ്പോലും അധിക്ഷേപിക്കുന്ന തരത്തിലാണ് അബ്ദുല്ലക്കുട്ടി സംസാരിച്ചത്. നാട്ടുകാരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മുന്നിൽ അബ്ദുല്ലക്കുട്ടിക്ക് ഉത്തരം മുട്ടി. പ്രതിഷേധം ശക്തമാവുമെന്ന നിലയിലായതോടെ ഗൃഹസമ്പർക്കം മതിയാക്കി സംഘം മടങ്ങി. വട്ടിയൂർക്കാവ് ജങ്ഷനിൽ ഇന്നു വൈകീട്ട് ആറിന് നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും അബ്ദുല്ലക്കുട്ടി പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News