പോലിസ് സ്‌റ്റേഷന് നേരെ ബോംബേറ്; ബിജെപി നേതാവ് അറസ്റ്റില്‍

അക്രമത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും ഗൂഢാലോചന നടത്തിയതും ഫോണിലൂടെ അക്രമത്തിന് നിര്‍ദേശം നല്‍കിയതും ഇയാളാണെന്ന് പോലിസ് പറയുന്നു.

Update: 2019-01-07 16:20 GMT

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനാണ് പിടിയിലായത്. അക്രമത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും ഗൂഢാലോചന നടത്തിയതും ഫോണിലൂടെ അക്രമത്തിന് നിര്‍ദേശം നല്‍കിയതും ഇയാളാണെന്ന് പോലിസ് പറയുന്നു.

ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. ബോംബേറിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ഒളിവിലാണ്. ലുക്ക് ഔട്ട് നോട്ടിസിറക്കി ഇയാള്‍ക്കെതിരേ തിരച്ചില്‍ വ്യാപകമാക്കാനാണ് പോലിസ് നീക്കം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്നും കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാവുമെന്നും പോലിസ് അറിയിച്ചു.

അതേസമയം, ആറ്റിങ്ങല്‍ പോലിസിന്റെ ഓപറേഷന്‍ വിന്‍ഡോ പ്രകാരം ഹര്‍ത്താലിനിടെ അക്രമം നടത്തിയ കേസില്‍ ആറുപേര്‍ കൂടി അറസ്റ്റിലായി. മനമ്പൂര്‍ കവലയൂര്‍ പാലംകോണം റോഡുവിള വീട്ടില്‍ ദിലീപ് കുമാര്‍ (56), ആറ്റിങ്ങല്‍ ഇടയാവണം ക്ഷേത്രത്തിനു സമീപം ശിലവീട്ടില്‍ അജിതപ്രസാദ് (53), അവനവഞ്ചേരി ഗ്രാമത്തില്‍ മുക്കില്‍ കൈപ്പള്ളി വീട്ടില്‍ സുനില്‍രാജ് (39), കല്ലമ്പലം വിഎസ് നിവാസില്‍ ഉല്ലാസ്‌കുമാര്‍(49), ആറ്റിങ്ങല്‍ കൊട്ടിയോട് രാജലക്ഷ്മി ഭവനില്‍ രതീഷ് (35), മാമം കാരയകമൂലയില്‍ വീട്ടില്‍ രാജശേഖരന്‍ നായര്‍ (58) എന്നിവരാണ് പിടിയിലായത്.


Tags:    

Similar News