ബിജെപിയിലെ വിഭാഗീയത: തന്റെ പേര് വെട്ടിയത് മുരളീധരൻ ഇടപെട്ടല്ലെന്ന് കുമ്മനം

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ നിലനിൽക്കെയാണ് അപ്രതീക്ഷിതമായി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സര രംഗത്ത് വരുന്നത്. മുരളീധരപക്ഷത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നായിരുന്നു ആക്ഷേപം.

Update: 2019-10-01 07:31 GMT

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഒഴിവാക്കി ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെ തീരുമാനിച്ചതിൽ വിഭാഗീയത രൂക്ഷമായിരിക്കെ പ്രതികരണവുമായി കുമ്മനം രാജശേഖരൻ രംഗത്ത്.

സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയത് വി മുരളീധരന്റെ ഇടപെടൽ കൊണ്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടിക കേന്ദ്രനേതൃത്വം പുറത്തിറക്കുന്ന സമയത്ത് മുരളീധരൻ വിദേശത്തായിരുന്നു. മുരളീധരൻ തന്റെ അടുത്ത സുഹൃത്താണ്. പേര് വെട്ടി എന്ന് പറയുന്നവർ പാർട്ടിയിൽ പിളർപ്പുണ്ടാക്കി മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നവരാണ്. അവർ നിരാശരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര നേതൃത്വത്തിന് നൽകിയത് മൂന്ന് പേരുടെ പട്ടികയാണ്. അതിൽ ഒരാളെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സീറ്റും സ്ഥാനവും ലഭിച്ചില്ലെങ്കിലും പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നും കുമ്മനം പറഞ്ഞു.

പാർട്ടി നിർദേശിച്ചാൽ വട്ടിയൂർക്കാവിൽ മൽസരിക്കുമെന്ന് കുമ്മനം പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തെ ഒഴിവാക്കി സുരേഷിനെ സ്ഥാനാർഥിയാക്കിയത്. കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ നിലനിൽക്കെയാണ് അപ്രതീക്ഷിതമായി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സര രംഗത്ത് വരുന്നത്. മുരളീധരപക്ഷത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്നായിരുന്നു ആക്ഷേപം. പാർട്ടിക്കുള്ളിൽ പിളർപ്പാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കുമ്മനത്തെ വെട്ടാൻ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. 

Tags: