ബിഡിജെഎസിന് നാലുസീറ്റ് മതി; കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനവും പരിഹാസവുമായി ബിജെപി നേതാക്കള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ച അനിശ്ചിതകാല സമരത്തെ ചൊല്ലിയും കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം വിശദമാക്കി.

Update: 2019-01-24 10:27 GMT

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയായ ബിഡിജെഎസിന് നാലു സീറ്റ് നല്‍കിയാല്‍ മതിയെന്ന് ബിജെപി. അധിക സീറ്റ് വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തില്‍ ചര്‍ച്ച വേണ്ടെന്നും തൃശൂരില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി തീരുമാനിച്ചു. ബിഡിജെഎസിനു നേരെ യോഗത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. 20 ലോക്‌സഭാ സീറ്റില്‍ എട്ടെണ്ണം ചോദിച്ച ബിഡിജെഎസിനെ നേതാക്കള്‍ പരിഹസിക്കുകയും ചെയ്തു. ബിഡിജെഎസ് 8 സീറ്റ് ചോദിച്ചത് അധികപ്രസംഗമാണ്. അവര്‍ക്ക് ഇത്ര സീറ്റില്‍ മല്‍സരിക്കാനുള്ള ആളുണ്ടോയെന്നും വിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസിന് സീറ്റ് നല്‍കിയ ശേഷമേ ബിജെപിയുടെ സീറ്റുകള്‍ തീരുമാനിക്കൂവെന്നും യോഗം വിശദമാക്കി. ആലത്തൂര്‍, വയനാട്, ആലപ്പുഴ, ഇടുക്കി എന്നീ സീറ്റുകളാണ് ബിഡിജെഎസിന് ഉറപ്പായിരിക്കുന്നത്.

യോഗത്തില്‍ സംസാരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള ആറ് സീറ്റെങ്കിലും ബിഡിജെഎസിന് നല്‍കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ച അനിശ്ചിതകാല സമരത്തെ ചൊല്ലിയും കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം കോര്‍ കമ്മിറ്റി യോഗത്തില്‍ വിശദമാക്കി. ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യരാക്കാനാണ് സമരം ഇടയാക്കിയതെന്ന് മുരളീധരപക്ഷം പറഞ്ഞു. എന്നാല്‍ സമരം വന്‍ വിജയമായിരുന്നെന്ന് ശ്രീധരന്‍പിള്ള വിഭാഗം ചൂണ്ടിക്കാട്ടി. സമരത്തിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ അറിയാമെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂരും പത്തനംതിട്ടയും അടക്കം എട്ടിടത്തെങ്കിലും മല്‍സരിക്കാന്‍ അവസരം വേണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല അനുകൂല ഘടകമാകുമെന്ന് ബിജെപി വിലയിരുത്തുന്ന പത്തനംതിട്ടയും തൃശ്ശൂരും വിട്ട് നല്‍കാനാകില്ലെന്ന സൂചന തുടക്കത്തിലെ ബിജെപി നല്‍കിയിരുന്നു. മാത്രമല്ല പരമാവധി നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന പത്തനംതിട്ടയിലും തൃശ്ശൂരുമൊക്കെ മുതിര്‍ന്ന നേതാക്കള്‍ ഇതിനകം കണ്ണുവച്ചിട്ടുമുണ്ട്.


Tags: