ബിനീഷിന്റെ അറസ്റ്റ്: കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം; കേസില്‍ ഇടപെടില്ലെന്ന് കോടിയേരിയുടെ വിശദീകരണം
കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സിപിഎം തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവയ്ക്കുന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
തിരുവനന്തപുരം: ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മകനുമായി ബന്ധപ്പെട്ട കേസില്‍ താന്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടിയേരി, പാര്‍ട്ടിയും ഇടപെടേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. ഒരു വ്യക്തിയെന്ന നിലയില്‍ ബിനീഷ് തന്നെയാണ് കേസ് നേരിടേണ്ടത്. അത് അദ്ദേഹം തന്നെ നേരിടുകയും ചെയ്യും. കേസ് നിയമപരമായി മുന്നോട്ടുപോവട്ടെ.
ബിനീഷിന്റെ കുടുംബം നിയമപോരാട്ടം നടത്തട്ടെ. തെറ്റുചെയ്തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേ. അതേസമയം, ബിനീഷിന്റെ വീട്ടില്‍ റെയ്ഡിന്റെ പേരില്‍ 24 മണിക്കൂറിലധികം ബിനീഷിന്റെ കുടുംബത്തെ പൂട്ടിയിട്ട നടപടി മനുഷ്യാവകാശലംഘനമാണെന്നും കോടിയേരി പറഞ്ഞു. ബിനീഷിന്റെ അറസ്റ്റിന് പിന്നാലെ കോടിയേരിയുടെ രാജിയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടയിലാണ് സെക്രട്ടറിക്ക് പിന്തുണയുമായി സിപിഎം സെക്രട്ടേറിയറ്റ് രംഗത്തുവന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സിപിഎം തീരുമാനം.
ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരേ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തും. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവയ്ക്കുന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അഡീഷനല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.
മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വര്‍ണക്കടത്ത്, ലൈഫ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സികള്‍ മുന്നോട്ടുപോവുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനാണ് തീരുമാനം.
