കോടിയേരിക്ക് പിശക് പറ്റിയാല്‍ അത് ഞങ്ങളുടെ പിശകാണ്; ബിനീഷിന്റേത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമേയല്ല: എ വിജയരാഘവന്‍

കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല. കോടിയേരിയാണ് സിപിഎമ്മിന്റെ സെക്രട്ടറി.

Update: 2020-10-29 13:44 GMT

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ ധാര്‍മിക ഉത്തരവാദിത്തം സിപിഎമ്മിനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കോടിയേരി യാതൊരു തരത്തിലുളള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടില്ല. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. മകന്റെ കേസുകള്‍ അച്ഛന്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബിനീഷ് കോടിയേരി സിപിഎമ്മിന്റെ നേതാവല്ല. കോടിയേരിയാണ് സിപിഎമ്മിന്റെ സെക്രട്ടറി. കോടിയേരിക്ക് പിശക് പറ്റിയാല്‍ അത് ഞങ്ങളുടെ പിശകാണ്. ബിനീഷിന്റേത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമേയല്ല. മറ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളെപ്പറ്റി ധാരാളം പരാതികളുണ്ട്. അത് കൂടെ നിങ്ങള്‍ അന്വേഷിക്കണം. കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് രാഷ്ട്രീയസ്വഭാവമുണ്ടെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

ശിവശങ്കര്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം തെറ്റായി സഞ്ചരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കല്ല. ഇനിയും കോടതിയില്‍ വിചാരണ നടന്ന് ഓരോ കാര്യങ്ങള്‍ പുറത്തുവരാന്‍ ഇരിക്കുന്നതേയുളളൂ. ഇപ്പോള്‍ വിധി പറയേണ്ട ആവശ്യമില്ല. മുഖ്യമന്ത്രി ഒരു തെറ്റിനെയും പ്രോല്‍സാഹിപ്പിക്കില്ല. അദ്ദേഹം ഒരു തെറ്റിന്റെയും ഒപ്പം നില്‍ക്കില്ലെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

Tags: