ബിനീഷ് കോടിയേരിയുടെ അറസ്റ്റ്: ഇടതുഭരണത്തിന്റെ തണലില്‍ ലഹരി മാഫിയ തഴച്ചുവളരുന്നു- എസ് ഡിപിഐ

പലതവണ ബംഗളൂരുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്‌തെങ്കിലും കേരളത്തില്‍ യാതൊരു അന്വേഷണത്തിനും പോലിസ് തയ്യാറായിട്ടില്ല എന്നതും രാഷ്ട്രീയ സ്വാധീനമാണ് വ്യക്തമാക്കുന്നത്.

Update: 2020-10-29 12:07 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലുമായ ബിനീഷ് കോടിയേരി ലഹരി മരുന്നുവില്‍പ്പന ഉള്‍പ്പെടെയുള്ള അധോലോകപ്രവര്‍ത്തനം നടത്തിയത് ഇടതുഭരണത്തിന്റെ തണലിലാണെന്ന് എസ് ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍. അറസ്റ്റ് സിപിഎമ്മിന്റെയും കോടിയേരിയുടെയും സദാചാരപൊയ്മുഖത്തെ വലിച്ചുകീറിയിരിക്കുകയാണ്.

അധികാരത്തിന്റെ പിന്‍ബലത്തില്‍ അനധികൃത ലഹരി മാഫിയയുടെ ഒരു സാമ്രാജ്യമായി ബിനീഷ് വളര്‍ന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ലഹരിമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിക്കുന്ന കോടികള്‍ അക്രമപ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ വിനിയോഗിക്കുന്നതിലൂടെ നേടിയ രാഷ്ട്രീയപിന്തുണയാണ് ബിനീഷിന് മുതല്‍കൂട്ടായത്. പലതവണ ബംഗളൂരുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്‌തെങ്കിലും കേരളത്തില്‍ യാതൊരു അന്വേഷണത്തിനും പോലിസ് തയ്യാറായിട്ടില്ല എന്നതും രാഷ്ട്രീയ സ്വാധീനമാണ് വ്യക്തമാക്കുന്നത്.

ധാര്‍മികബോധമുള്ള സിപിഎം അണികള്‍ ഇനി ഈ ലഹരി മാഫിയ, അഴിമതി, അധോലോകപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ആര്‍ജവം കാണിക്കണം. കോടിയേരി നേതൃസ്ഥാനം രാജിവച്ച് പാര്‍ട്ടിയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച അണികളോട് നീതി കാണിക്കണം. പൊതുപ്രവര്‍ത്തകരെയെല്ലാം രാഷ്ട്രീയസദാചാരം പഠിപ്പിക്കുന്ന കോടിയേരിക്ക് ഇനി ധാര്‍മികതയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു.

Tags:    

Similar News