സ്റ്റീല്‍ കമ്പനിയിലുണ്ടായ അപകടത്തില്‍ ബീഹാര്‍ സ്വദേശി മരിച്ചു

ജീവനക്കാരന്റെ അശ്രദ്ധയാണ് അപകട കാരണമെന്നു കമ്പനി മാനേജര്‍ വര്‍ഗീസ് വാഴപ്പിള്ളി പറഞ്ഞു

Update: 2019-02-20 11:27 GMT

തൃശൂര്‍: മാള പൊയ്യ ചെന്തുരുത്തി ഡിമാക്ക് സ്റ്റീല്‍ കമ്പനിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബീഹാര്‍ സ്വദേശി മിഥിലേഷ് കുമാര്‍(22) ആണ് മരിച്ചത്. സുരക്ഷിതമല്ലാത്ത രീതിയില്‍ നിര്‍മ്മിച്ച പൈപ്പുകള്‍ അടുക്കി വച്ചത് ഇടിഞ്ഞു ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. ജീവനക്കാരന്റെ അശ്രദ്ധയാണ് അപകട കാരണമെന്നു കമ്പനി മാനേജര്‍ വര്‍ഗീസ് വാഴപ്പിള്ളി പറഞ്ഞു. വാഹനത്തില്‍ സ്റ്റീല്‍ പൈപ്പുകളുടെ ലോഡ് കയറ്റാനായി ക്രെയിനാണുപയോഗിക്കുന്നത്. സ്റ്റീല്‍ പൈപ്പുകളുടെ ഓരോ കെട്ടിനും രണ്ട് ടണ്‍ ഭാരം വരും. കെട്ടുകളുടെ രണ്ടറ്റത്തും ഈരണ്ട് ഹുക്കുകളിട്ട് കൊടുക്കുക മാത്രമാണ് മാനുവലായി ചെയ്യേണ്ടത്. നാല് ഹുക്കുകളുമിട്ട ശേഷം സുരക്ഷിതമായിടത്തേക്ക് മാറിയാലേ ക്രെയിനുപയോഗിച്ച് കെട്ട് വാഹനത്തിലേക്ക് കയറ്റൂ. ഹുക്കുകളിടുന്നതിലുണ്ടായ പിഴവായിരിക്കാം അട്ടിയിട്ട് വച്ച സ്റ്റീല്‍ പൈപ്പുകളുടെ കെട്ടുകള്‍ അട്ടിമറിഞ്ഞ് വീഴാന്‍ കാരണമെന്നും ദാരുണ സംഭവം നടന്നതെന്നുമാണ് കമ്പനി മാനേജര്‍ പറയുന്നത്. മൂന്നുവര്‍ഷം മുമ്പാണ് പൊയ്യ ചെന്തുരുത്തിയില്‍ സ്റ്റീല്‍ പൈപ്പുകളുടെ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.




Tags:    

Similar News