മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാര്‍

വായ്പ കൊടുക്കുമ്പോള്‍ നിശ്ചിത ശതമാനം ബാങ്ക് ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നുവെന്ന് അല്‍ഫോന്‍സ് കണ്ണന്താനം സ്വകാര്യ ചാനലിലൂടെ നടത്തിയ പരാമര്‍ശം ബാങ്ക് ജീവനക്കാരെ അധിക്ഷേപിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എ ഐ ബി ഇ് എ),ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍(എകെബിഇഎഫ്)

Update: 2020-05-14 11:33 GMT

കൊച്ചി: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷ(എ ഐ ബി ഇ് എ)നും,ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍(എകെബിഇഎഫ്) ഉം രംഗത്ത്. സ്വകാര്യ ചാനലിലൂടെ അല്‍ഫോന്‍സ് കണ്ണന്താനം ബാങ്ക് ജീവനക്കാരെ അധിക്ഷേപിച്ചിരിക്കുകയാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ പറഞ്ഞു.വായ്പ കൊടുക്കുമ്പോള്‍ നിശ്ചിത ശതമാനം ബാങ്ക് ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നുവെന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശം വാസ്തവ വിരുദ്ധവും വേദനാജനകവുമാണെന്നും സി ഡി ജോസണ്‍ പറഞ്ഞു.

കൊവിഡ് പകര്‍ച്ച വ്യാധിയുടെ സാഹചര്യത്തിലും അവശ്യ സേവനമെന്ന നിലയില്‍ ബാങ്കിംഗ് സൗകര്യം മുടക്കാതെ ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് ബാങ്ക് ജീവനക്കാര്‍.അവരെ ഇത്തരത്തില്‍ അവഹേളിച്ചത് അംഗീകരിക്കാന്‍ കഴിയില്ല.കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കോവിഡ് പാക്കേജിന്റെ ഭാഗമായുള്ള വായ്പാ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥരുടെ വീര്യം കെടുത്തുന്നതാണ് ഇത്തരം പ്രസ്താവനകള്‍. അല്‍ഫോന്‍സ് കണ്ണന്താനം തന്റെ പരാമര്‍ശം തിരുത്തി മാപ്പു പറയണമെന്നും സി ഡി ജോസണ്‍ ആവശ്യപ്പെട്ടു. 

Tags: